India - 2025

സമാധാനത്തിനായി ഒരു ലക്ഷം ജപമാല; കാരുണ്യ സമാധാന സന്ദേശയാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി

അമല്‍ സാബു 27-10-2016 - Thursday

കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സമാധാന സന്ദേശ യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു. ''കണ്ണൂരിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക, വികസനത്തിനായി കൈകോര്‍ക്കുക'' എന്ന സന്ദേശവുമായി കാരുണ്യപ്രവര്‍ത്തകരെ ഉണര്‍ത്തുകയും ആദരിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

കഴിഞ്ഞ ഡിസംബര്‍ 10ന് കെസിബിസി ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ ക്ലിമീസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്ത യാത്രയാണ് കണ്ണൂര്‍ജില്ലയില്‍ എത്തിച്ചേര്‍ന്നത്. എറണാകുളം പിഒസിയില്‍നിന്നും ആരംഭിച്ച യാത്രാപദ്ധതിക്ക് നേതൃത്വം നല്‍കുന്നത് കെസിബിസി പ്രൊ-ലൈഫ് സമിതി ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആണ്. ഫാ. പോള്‍ മാടശേരി (ഡയറക്ടര്‍,), സാബു ജോസ് (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), ജോര്‍ജ്ജ് എഫ് സേവ്യര്‍ (ക്യാപ്റ്റന്‍), ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (ജനറല്‍ കണ്‍വീനര്‍), സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്‌സിസി (ആനിമേറ്റര്‍), ജെയിംസ് ആഴ്ചങ്ങാടന്‍, യുകേഷ് തോമസ് പുളിക്കല്‍, അഡ്വ ജോസി സേവ്യര്‍, സെലസ്റ്റിന്‍ ജോണ്‍, സാലു എബ്രാഹം, മാര്‍ട്ടിന്‍ ന്യൂനസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

നാളെ (28-10-2016) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി ഹോളില്‍ നടക്കുന്ന കാരുണ്യസംഗമം ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയും മറ്റന്നാള്‍ (29-10-16) തലശ്ശേരിയില്‍ സന്ദേശ് ഭവനില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തക സമ്മേളനം ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ടും ഉദ്ഘാടനം ചെയ്യുന്നതാണ്. ഫാ ജേക്കബ് വിജേഷ് കനാരി, ഫാ എബ്രാഹം പുതുശേരി എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. ഇരുന്നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ആദരിക്കുമെന്ന് ചീഫ് കോ- ഓര്‍ഡിനേറ്റര്‍ സാബു ജോസ് അറിയിച്ചു.

കണ്ണൂരില്‍ വിവിധ വിഭാഗം മനുഷ്യര്‍ തമ്മില്‍ സ്‌നേഹ സാഹോദര്യവും സമാധാനവും പുലരുവാന്‍ പ്രൊലൈഫ് പ്രവര്‍ത്തകര്‍ 30-ാം തീയതി ഞായറാഴ്ച ഉപവാസപ്രാര്‍ത്ഥന നടത്തുന്നു. ജോര്‍ജ്ജ് എഫ് സേവ്യര്‍ (കൊല്ലം), റോണ റിബേറോ (തിരുവനന്തപുരം), യുകേഷ് തോമസ്, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് (കോട്ടയം), ഫാ. പോള്‍ മാടശേരി, സാബു ജോസ്, മാര്‍ട്ടിന്‍ ന്യൂനസ് (എറണാകുളം), അഡ്വ. ജോസി സേവ്യര്‍ (കൊച്ചി), ജെയിംസ് ആഴ്ചങ്ങാടന്‍ (തൃശൂര്‍), സാലു എബ്രാഹം (കോഴിക്കോട്), സെലസ്റ്റിന്‍ ജോണ്‍ (കണ്ണൂര്‍) എന്നിവര്‍ നേതൃത്വം നല്‍കും.

ഒക്‌ടോബര്‍ 31-ാം തീയതിക്കു മുമ്പ് ഒരു ലക്ഷം ജപമാലകള്‍ കണ്ണൂരിന്റെ സമാധാനത്തിനായി കാഴ്ച വയ്ക്കുന്നു. ദൈവവിശ്വാസികള്‍ കണ്ണൂരിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ പ്രൊലൈഫ് സമിതി ആഹ്വാനം ചെയ്തു.