News - 2024

ചൈനയിലെ ബിഷപ്പുമാരുടെ നിയമനം: വ്യവസ്ഥകള്‍ക്കെതിരെ കര്‍ദിനാള്‍ ജോസഫ് സെന്‍ രംഗത്ത്

സ്വന്തം ലേഖകന്‍ 05-11-2016 - Saturday

ബെയ്ജിംഗ്: വത്തിക്കാന്‍- ചൈനീസ് സര്‍ക്കാര്‍ തമ്മില്‍ ബിഷപ്പുമാരുടെ നിയമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വ്യവസ്ഥകള്‍ക്കെതിരെ ചൈനയിലെ മുതിര്‍ന്ന കര്‍ദിനാളായ ജോസഫ് സെന്‍ രംഗത്ത്. ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ വത്തിക്കാനും ചൈനീസ് സര്‍ക്കാരും തമ്മില്‍ ധാരണകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരേയാണ് കര്‍ദിനാള്‍ ജോസഫ് സെന്‍ 'വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്' നല്‍കിയ അഭിമുഖത്തില്‍ രംഗത്തു വന്നിരിക്കുന്നത്.

ദൈവവിശ്വാസികളല്ലാത്ത ചൈനീസ് ഭരണകൂടത്തിന് മുന്നില്‍ കത്തോലിക്ക സഭ പൂര്‍ണ്ണമായും അടിയറവു വയ്ക്കുന്ന സാഹചര്യത്തേയായിരിക്കും, ഇത്തരമൊരു നീക്കത്തിലൂടെ സഭയ്ക്ക് നേരിടേണ്ടിവരികയെന്നു കര്‍ദിനാള്‍ സെന്‍ പറയുന്നു. 'ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍' (സിസിപിഎ) എന്ന സംഘടനയാണ് സര്‍ക്കാര്‍ അംഗീകാരത്തോടുകൂടിയുള്ള ബിഷപ്പുമാരെ ചൈനയില്‍ നിയമിക്കുന്നത്. കമ്യൂണിസ്റ്റ് ആചാര്യനായ മാവോ സേതൂങ് ആണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. കത്തോലിക്ക സഭയ്ക്ക് ബദലായി രൂപപ്പെടുത്തിയ ഒരു സംഘടനയാണിത്.

മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 'സിസിപിഎ' എന്ന സര്‍ക്കാരിന്റെ സംഘടന നിയമിച്ച നാലു ബിഷപ്പുമാര്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ ചൈനയില്‍ ബിഷപ്പുമാരെ നിയമിക്കുവാനുള്ള അധികാരം വത്തിക്കാന് ലഭിച്ചേക്കും. എന്നാല്‍, 'സിസിപിഎ' ശുപാര്‍ശ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്നും വേണം വത്തിക്കാന്‍ ബിഷപ്പുമാരെ തെരഞ്ഞെടുക്കുവാന്‍ എന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചൈനീസ് സര്‍ക്കാരിനോട് കൂറുള്ള 'സിസിപിഎ' സര്‍ക്കാര്‍ തീരുമാനിക്കുന്നവരെ തന്നെയായിരിക്കും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയെന്നും കര്‍ദിനാള്‍ ജോസഫ് സെന്‍ ചൂണ്ടികാട്ടുന്നു.

ചൈനയിലെ കമ്യൂണിസ്റ്റുകാരോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനേയും കര്‍ദിനാള്‍ സെന്‍ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. "അര്‍ജന്റീനയില്‍ ജീവിച്ച ഫ്രാന്‍സിസ് പാപ്പ അവിടെയുള്ള കമ്യൂണിസ്റ്റുകാരെ കണ്ടാണ് വളര്‍ന്നത്. ഒരുപക്ഷേ അവിടെയുള്ള കമ്യൂണിസ്റ്റുകാര്‍ വിചാരണയും തടവുകളും നേരിടുന്നവരുടെ ഭാഗത്ത് നിലയുറപ്പിച്ച്, അവര്‍ക്ക് നീതി നേടുന്നതിനായി പ്രവര്‍ത്തിക്കുന്നവരായിരിക്കും. ഇതേ മനോഭാവം ചൈനയിലെ കമ്യൂണിസ്റ്റുകാരോട് സ്വീകരിക്കുന്നത് തെറ്റാണ്. കാരണം ഇവിടെ കമ്യൂണിസ്റ്റുകാര്‍ തന്നെയാണ് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ സഭയെ തകര്‍ക്കുവാനും പീഡിപ്പിക്കുവാനും സദാ വ്യാപൃതരാണ്". കര്‍ദിനാള്‍ ജോസഫ് സെന്‍ പറഞ്ഞു.

വത്തിക്കാന്റെ നേതൃത്വത്തെ അംഗീകരിച്ച് രഹസ്യമായി ആരാധന നടത്തുന്നവരാണ് ഭൂഗര്‍ഭ സഭയിലെ അംഗങ്ങള്‍. പുതിയ കരാര്‍ പ്രകാരം ഭൂഗര്‍ഭ സഭകള്‍ എല്ലാം തന്നെ ഇല്ലാതെയാകും. 'സിസിപിഎ' നിയമിച്ച ബിഷപ്പുമാര്‍ക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം വീടുകളില്‍ തന്നെ ഭൂഗര്‍ഭ സഭകള്‍ തുടരണമെന്നാണ് കര്‍ദിനാള്‍ ജോസഫ് സെന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്.

ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മില്‍ ബിഷപ്പുമാരുടെ നിയമന കാര്യത്തില്‍ ധാരണകളിലേക്ക് എത്തിച്ചേര്‍ന്നതായി റോയിറ്റേഴ്‌സ് അടക്കമുള്ള വിവിധ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ വത്തിക്കാന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ചൈനയിലെ ബിഷപ്പുമാരുടെ നിയമന കാര്യത്തില്‍ വത്തിക്കാനും, ചൈനയുമായി ദീര്‍ഘകാലങ്ങളായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.


Related Articles »