Thursday Mirror - 2025
നമ്മുടെ ദൈവവിളി തിരിച്ചറിയുവാനുള്ള 10 അടയാളങ്ങൾ
സ്വന്തം ലേഖകന്‍ 09-04-2022 - Saturday
“നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്” (യോഹന്നാന്‍ 15:16)
നമുക്കോരോരുത്തര്‍ക്കും ഒരു ദൈവവിളിയുണ്ട്. എന്നാൽ അത് എന്താണെന്ന് തിരിച്ചറിയുവാൻ നാം ശ്രമിക്കാറുണ്ടോ? നമ്മുടെ ജീവിതം കൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ദൈവത്തോട് ചോദിക്കുക എന്നതാണ് അത് അറിയുവാനുള്ള പ്രഥമ മാർഗ്ഗം. നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകളിൽ ഈ ആവശ്യം നാം സമർപ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് അത് നമുക്ക് വെളിപ്പെടുത്തി തരും.
ചില പ്രേരണകളിലൂടെയായിരിക്കും ഇത് നാം തിരിച്ചറിയുക. ഇത് തിരിച്ചറിയുവാനുള്ള 10 അടയാളങ്ങള്‍:-
1. ദൈവനിയോഗം അറിയുവാനുള്ള ഒരു അന്തര്‍ലീനമായ ആഗ്രഹം നമ്മുടെ ഉള്ളില്‍ ഉണ്ടാകും.
2. നമ്മള്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലിനെ പിഴുതുമാറ്റാന്‍ നമ്മുക്കു കഴിയുകയില്ല.
3. നമ്മുടെ വിശ്വസ്തരായവര്‍ക്കും നമ്മിലെ ദൈവവിളിയെക്കുറിച്ചു ബോധ്യമുണ്ടാവാൻ തുടങ്ങും.
4. നമ്മുടെ ദൈവനിയോഗം നമ്മുക്കു വേണ്ടി മാത്രമായി ജീവിക്കുവാനുള്ള ഒരു അവസ്ഥയായി നമ്മുക്ക് ഒരിക്കലും തോന്നുകയില്ല.
5. ദൈവവിളിയെക്കുറിച്ചു ചിന്തിക്കുവാന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഭയങ്കരമായ അസ്വസ്ഥത അനുഭവപ്പെടുവാന്‍ തുടങ്ങും.
6. എന്നാല്‍ ക്രമേണ ദൈവവിളിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുക്കു ആശ്വാസം ലഭിച്ചു തുടങ്ങും.
7. നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നമ്മേ ദൈവവിളിയിലേക്ക് നയിച്ചു കൊണ്ടിരിക്കും.
8. ദൈവവിളിക്ക് പ്രത്യുത്തരം കൊടുക്കണമെന്ന ചിന്ത നമ്മളില്‍ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കും.
9. ദൈവവിളിയിൽ നിന്നും വേർപെട്ട് മറ്റ് കാര്യങ്ങളില്‍ വ്യാപൃതരാവുമ്പോള്‍ നമ്മുടെ ഹൃദയം അസ്വസ്ഥമാകുന്നത് നമ്മുക്കു തിരിച്ചറിയുവാന്‍ കഴിയും.
10. 'നമ്മുടെ നിയന്ത്രണം ദൈവത്തിനേല്‍പ്പിക്കണമെന്ന ചിന്ത, തടവല്ല മറിച്ച് ഒരു മോചനമാണ്' എന്ന ബോധ്യം നമ്മളിൽ ബലപ്പെടാൻ തുടങ്ങും.
ഈ സമയം കൂടുതൽ പ്രാർത്ഥിക്കുവാനും കൗദാശിക ജീവിതത്തിൽ ആഴപ്പെടാനും ആഴ്ചയിൽ ഒരു തവണയെങ്കിലും നമ്മുടെ ലഘുവായ പാപങ്ങൾ പോലും ഏറ്റുപറഞ്ഞു കുമ്പസാരിക്കുവാനും ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ശാന്തമായി പ്രാർത്ഥിക്കാനും സമയം കണ്ടെത്തണം. അപ്പോൾ ദൈവത്തിന്റെ വിളിയിലേക്ക് അവിടുന്ന് നമ്മെ നയിക്കും. നമുക്കു ലഭിക്കുന്ന ദൈവവിളിയുടെ വലുപ്പ ചെറുപ്പങ്ങൾ ഒരിക്കലും കണക്കിലെടുക്കരുത്. സഭയെ നയിക്കുന്ന മാർപാപ്പയും ഒരു ദേവാലയം വൃത്തിയാക്കുന്ന സാധാരണ മനുഷ്യനും ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നു പോലെയാണ്. നമ്മുക്കു ലഭിച്ചിരിക്കുന്ന വിളി എന്താണന്നതിനെ ആശ്രയിച്ചല്ല, പിന്നെയോ ആ വിളി നാം എത്രമാത്രം വിശ്വസ്തതയോടെ ഏറ്റെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ സ്വർഗ്ഗീയ സമ്മാനം നിശ്ചയിക്കപ്പെടുക.
#Repost