News
വൈദിക സമർപ്പിത ജീവിതങ്ങളിലേക്കുള്ള ദൈവവിളികൾക്കായി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം
പ്രവാചകശബ്ദം 05-02-2025 - Wednesday
വത്തിക്കാന്‍ സിറ്റി: വൈദിക സമർപ്പിത ജീവിതാന്തസ്സുകളിലേക്കുള്ള ദൈവവിളികൾക്കായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം. ദൈവവിളി ശ്രവിക്കുന്ന യുവതയുടെ അഭിവാഞ്ഛകളും സന്ദേഹങ്ങളും ഉൾക്കൊള്ളാൻ സഭാസമൂഹത്തിനു കഴിയുന്നതിനായി പ്രാർത്ഥിക്കണമെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞു. ഒരു പുരോഹതിനാകുന്നതിനെക്കുറിച്ചുള്ള യാതൊരു ചിന്തയും മനസ്സിൽ പേറാതെ സ്വന്തമായ ചില പദ്ധതികളുമായി പഠിക്കുകയും ഒപ്പം ജോലിചെയ്യുകയും ചെയ്തിരുന്ന താൻ 17 വയസ്സുള്ളപ്പോൾ ഒരു പള്ളിയിൽ പോയപ്പോൾ, അവിടെ, ദൈവം തന്നെ കാത്തു നില്പ്പുണ്ടായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു.
ഇന്നും ദൈവം യുവജനത്തെ വിളിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ദൈവം അതു ചെയ്യുന്നത്. ചിലപ്പോഴൊക്കെ നമ്മൾ ആ വിളി ശ്രവിക്കാറില്ല. അതിനു കാരണം നാം സ്വന്തം കാര്യങ്ങളിൽ, സ്വന്തം പദ്ധതികളിൽമുഴുകി നമ്മൾ തിരിക്കിലായി പോകുന്നതാണ് കാരണം. എന്നാൽ പരിശുദ്ധാത്മാവ് സ്വപ്നങ്ങളിലൂടെയും യുവജനങ്ങളുടെ ഹൃദയങ്ങളിൽ അവർക്കനുഭവപ്പെടുന്ന അസ്വസ്ഥതകളിലൂടെയും നമ്മോട് സംസാരിക്കുന്നു. അവരുടെ യാത്രയിൽ നമ്മൾ അവരെ തുണച്ചാൽ, ദൈവം അവരിലൂടെ പുതിയ കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയും.
ഇന്ന് സഭയ്ക്കും ലോകത്തിനും ഏറ്റവും ഉപകാരപ്രദമാംവിധം അവിടത്തെ വിളി സ്വീകരിക്കാൻ നമുക്ക് സാധിക്കും. യുവജനങ്ങളിൽ വിശ്വാസമർപ്പിക്കണം. സർവ്വോപരി, എല്ലാവരെയും വിളിക്കുന്ന ദൈവത്തിൽ ആശ്രയിക്കണം. ജീവിതത്തിൽ, അത് പൗരോഹിത്യ ജീവിതത്തിലാകട്ടെ, സമർപ്പിതജീവിതത്തിലാകട്ടെ, യേശുവിൻറെ ദൗത്യത്തില്‍ ജീവിക്കാനുള്ള വിളി ശ്രവിക്കുന്ന യുവജനത്തിൻറെ ആശകളും സംശയങ്ങളും സഭാ സമൂഹം ഉൾക്കൊള്ളുന്നതിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുക്കൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.