News - 2024

ജെറുസലേം പുണ്യനഗരത്തിന്റെ മുഖം വികൃതമാക്കി കൊണ്ട് മതിലുകൾ ഉയരുന്നു : പാത്രിയാർക്കീസ് റ്റ്വാൽ

അഗസ്റ്റസ് സേവ്യർ 21-10-2015 - Wednesday

ജെറുസലേം പുണ്യനഗരത്തിലെ ,യഹൂദ അധിവാസ കേന്ദ്രങ്ങളേയും, അറബി അധിവാസ കേന്ദ്രങ്ങളേയും, വേർതിരിച്ചു കൊണ്ട് നിർമ്മിക്കുന്ന മതിൽ, തങ്ങളെ ദുഖിതരാക്കുന്നുവെന്നും, അത് വിശുദ്ധ നഗരത്തെ തന്നെ വികൃതമാക്കുന്നുവെന്നും, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ഫൗഡ് റ്റ്വാൽ പറഞ്ഞു.

"ഈ നയം തുടരുകയാണെങ്കിൽ ജെറുസലേമിൽ വരുന്നവർ സ്വന്തം മതിലുകൾ, സ്വന്തം വേർതിരിവുകൾ - വഹിച്ചുകൊണ്ടായിരിക്കും വരുക."

ജബ്ബാൽ മുഘാബർ എന്ന അറബി വാസസ്ഥലങ്ങളേയും, ആർമോൺ ഹന്നാറ്റ്സീവ് എന്ന യഹൂദവാസ കേന്ദ്രങ്ങളെയും വേർതിരിച്ചു കൊണ്ട്, ഇസ്രായേലി പോലീസ് നിർമ്മിക്കുന്ന കോൺക്രീറ്റ് മതിലിനെ പറ്റിയാണ് പാത്രിയാർക്കീസ് ഇപ്രകാരം പറഞ്ഞത്.

പാലസ്റ്റീനിയൻകാർ കല്ലെറിയുന്നത് തടയുവാൻ വേണ്ടിയാണ് മതിൽ നിർമ്മിക്കുന്നത് എന്ന് ഇസ്രായേലി അധികാരികൾ വിശദീകരിച്ചു.

" ഇത് ലോകത്തെങ്ങും കാണാത്തതാണ്. ഈ മതിൽ വിശുദ്ധ നഗരത്തെ വിഭജിക്കുന്നതു കൂടാതെ, വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും."

"മുൻ കാലങ്ങളിൽ, ജെറുസലേം അവിഭാജ്യമായ പുണ്യനഗരമാണ് എന്നും , അതൊരിക്കലും വിഭജിക്കാനാവില്ലെന്നും, ഇസ്രായേലി അധികാരികൾ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ളവർ ഇപ്പോൾ പുതിയ മതിലുകൾ കെട്ടുകയാണ്. രാഷ്ട്രീയ തന്ത്രങ്ങൾ മാറുന്നതിനനുസരിച്ച് അവർ പറഞ്ഞിരുന്നതിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ്." അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ആദ്യവാരത്തിൽ തുടക്കമിട്ട ഇപ്പോഴത്തെ അക്രമങ്ങളിൽ ഇതേ വരെ 43 പാലസ്തീനിയൻകാരും 7 ഇസ്രായേലികളും മരിച്ചു കഴിഞ്ഞു.

പാത്രിയാർക്കീസ് പറയുന്നു. ''ഒരു ജനാധിപത്യ രാജ്യത്ത് കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിച്ചിരിക്കും. ന്യായാധിപൻ വിധിക്കുന്ന ശിക്ഷ എല്ലാവർക്കും ബാധകവുമാണ്. ഇസ്രായേലി ജനങ്ങൾ വെടിവെയ്പ്പിനും അക്രമങ്ങൾക്കും കൂട്ടുനിൽക്കുകയാണോ?''

"കോടതിക്കും നിയമങ്ങൾക്കും അതീതമായി ഇവിടെ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നു.

അനാവശ്യമായ ബലപ്രയോഗം യഥാർത്ഥത്തിൽ ബലഹീനതയുടെ ലക്ഷണമാണ്. ഇപ്പോഴത്തെ അക്രമങ്ങൾ തടയാനും സമാധാന നഗരം എന്ന ജെറുസലേമിന്റെ ഖ്യാതി നിലനിറുത്തുവാനും സ്വച്ഛമായ ഒരു ചിന്താസരണി നമുക്ക് ആവശ്യമുണ്ട്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണാധികാരികൾക്ക് ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം." അദ്ദേഹം പറഞ്ഞു.


Related Articles »