India

കാരുണ്യകേരള സന്ദേശയാത്ര മാര്‍ച്ച് 25 -വരെ തുടരും

സ്വന്തം ലേഖകന്‍ 12-11-2016 - Saturday

കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കാരുണ്യകേരള സന്ദേശയാത്ര 2017 മാര്‍ച്ച് 25-ാം തീയതിയിലെ പ്രൊ-ലൈഫ് ദിനത്തില്‍ തിരുവനന്തപുരത്ത് സമാപിക്കുമെന്ന് കെസിബിസി പ്രൊലൈഫ് സമിതിയുടെ ജനറല്‍ സെക്രട്ടറിയും കോ-ഓര്‍ഡിനേറ്ററുമായ സാബുജോസ് അറിയിച്ചു.

കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്തതാണ് കാരുണ്യകേരള സന്ദേശയാത്ര. കെസിബിസി ഫാമിലികമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയര്‍മാനായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്താണ് ഈ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഫാ. പോള്‍ മാടശ്ശേരി (ഡയറക്ടര്‍), ജോര്‍ജ്ജ് എഫ് സേവ്യര്‍ (ക്യപ്റ്റന്‍), ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (ജനറല്‍ കണ്‍വീനര്‍), സിസ്റ്റര്‍ മേരി ജോര്‍ജ്ജ് ( ആനിമേറ്റര്‍) എന്നിവരടങ്ങിയ മുപ്പതോളം ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാസംഘം. അഡ്വ. ജോസി സേവ്യര്‍ (കൊച്ചി), യുകേഷ് തോമസ് (പാലാ), ജെയിംസ് ആഴ്ചങ്ങാടന്‍ (തൃശൂര്‍), സെലസ്റ്റ്യന്‍ ജോണ്‍ (തലശ്ശേരി), മാര്‍ട്ടിന്‍ ന്യൂനസ്, റോണ റിബൈറൊ, സാലു എബ്രാഹാം എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരാണ്.

സാധു ഇട്ടിയവര, പി.യു. തോമസ് (കോട്ടയം), സന്തോഷ് മരിയസദനം (പാലാ), മാത്തപ്പന്‍ ലൗഹോം, ടോമി ദിവ്യരക്ഷാലയം (തൊടുപുഴ), ബ്രദര്‍ വി.സി രാജു, ജൂഡ്‌സണ്‍ തോപ്പുപടി, ആല്‍ബിന്‍ ആലപ്പുഴ, പീറ്റര്‍ കെ.ജെ, സ്റ്റീഫന്‍, റെക്‌സി, മേരി എസ്തപ്പാന്‍, ഷൈനി തോമസ്, ഫ്രാന്‍സിസ്‌ക തുടങ്ങിയ നിരവധി സാമൂഹ്യ പ്രവര്‍ത്തകരും സമര്‍പ്പിതരും ഈ കാരുണ്യസന്ദേശ യാത്രാസംഘത്തോടൊപ്പം സഹകരിച്ചു വരുന്നു.

ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക, അവര്‍ക്കു ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്യുക. സ്ഥാപനത്തെയും പ്രവര്‍ത്തകരെയും ആദരിക്കുക എന്നിവയാണ് ഈ യാത്രയുടെ മുഖ്യലക്ഷ്യം. തെരുവില്‍ അലഞ്ഞുതിരയുന്ന അഗതികളെയും അനാഥരെയും കണ്ടെത്തി അഗതിസംരക്ഷണകേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിക്കുവാനും ശ്രമിക്കുന്നു. ജാതിമതഭേദമെന്യേ ജീവകാരുണ്യ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാരുണ്യസംഗമങ്ങളില്‍വച്ച് ആദരിക്കുകയുണ്ടായി. കാരുണ്യത്തിന്റെ സന്ദേശം മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ സജീവമാക്കിയ മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുന്നു.

”ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്” എന്ന സന്ദേശത്തോടെയാണ് ഈ കാരുണ്യയാത്ര പര്യടനം നടത്തുന്നത്. നവംബര്‍ 1-ാം തീയതിവരെ മൂവായിരത്തോളം കാരുണ്യപ്രവര്‍ത്തകരെ ആദരിക്കുവാന്‍ കഴിഞ്ഞു. ഒക്‌ടോബര്‍ അവസാനവാരത്തില്‍ കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളിലൂടെ കാരുണ്യ സമാധാന ജപമാല പ്രാര്‍ത്ഥന നടത്തി. ഒരു ലക്ഷം ജപമാലകള്‍ കണ്ണൂരിന്റെ സമാധാനത്തിനായി കാഴ്ചവച്ചു.

ഇനി സുല്‍ത്താന്‍പേട്ട്, പാലക്കാട, ഇരിങ്ങാലക്കുട, പത്തനംതിട്ട, തിരുവല്ല, പുനലൂര്‍, മാവേലിക്കര, നെയ്യാറ്റിന്‍കര, തിരുവനന്തപുരം ലത്തീന്‍-മലങ്കര രൂപതകളില്‍ കാരുണ്യകേരള സന്ദേശയാത്ര സന്ദര്‍ശിക്കും. ഈ കാലഘട്ടത്തില്‍ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹ്യസേവന പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കാരുണ്യസംഗമങ്ങളും നടത്തുന്നതാണ്.

കേരളത്തിന്റെ കാരുണ്യ സംസ്‌കാരം സജീവമാക്കാനുള്ള കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ ഈ യാത്രയോട് തുടര്‍ന്നും സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 94463 29343 എന്ന നമ്പറില്‍ ജനറല്‍ സെക്രട്ടറി സാബു ജോസുമായി ബന്ധപ്പെടുക. മാര്‍ച്ചില്‍ വിവിധ സഭാമേലദ്ധ്യക്ഷന്‍മാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ സംസ്ഥാനസമ്മേളനത്തോടെ കാരുണ്യകേരള സന്ദേശയാത്ര സമാപിക്കുന്നതാണ്.