India - 2024

മാര്‍ മാത്യു വട്ടക്കുഴിയുടേതു സര്‍വസ്വീകാര്യമായ വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 24-11-2016 - Thursday

കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ ദിവംഗതനായ മാര്‍ മാത്യു വട്ടക്കുഴിയുടെ വ്യക്തിത്വവും പ്രവര്‍ത്തനശൈലിയും ഏവര്‍ക്കും സ്വീകാര്യവും ഹൃദ്യവുമായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ അജപാലന രംഗത്തു നിര്‍ണായക കാഴ്ചപ്പാടുകളോടെ ദിശാബോധം നല്‍കിയ പിതാവിന്റെ നിര്യാണത്തില്‍ സഭയുടെ അനുശോചനം അറിയിക്കുന്നു.

അഭിപ്രായവ്യത്യാസമുള്ളവരും പിതാവിന്റെ പ്രവര്‍ത്തനത്തോടു സഹകരിക്കുന്നതില്‍ എപ്പോഴും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സൗമനസ്യത്തോടും ശാന്തതയോടും എന്നാല്‍ വ്യക്തതയോടുംകൂടിയുള്ള സമീപനരീതിയാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും സ്വീകാര്യനാക്കിയത്.

കാനോന്‍ നിയമപണ്ഡിതനായിരുന്ന വട്ടക്കുഴി പിതാവിന്റെ ആ മേഖലയിലെ വിജ്ഞാനം ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്വയംഭരണ സഭയെന്ന നിലയില്‍ സീറോ മലബാര്‍ സഭയ്ക്കും ആസൂത്രണങ്ങളിലും നടപടികളിലും വളരെയേറെ സഹായകരമായിട്ടുണ്ട്. പ്രാര്‍ഥനയും ധ്യാനവും ഈ ആത്മീയ ആചാര്യന്റെ ദൈനംദിനനിഷ്ഠയായിരുന്നു. ദൈവത്തോടുള്ള അടുപ്പത്തില്‍നിന്നാണ് അദ്ദേഹം സമൂഹത്തോടും അടുപ്പം കാണിച്ചത്.

മറ്റു മെത്രാന്മാര്‍ക്കിടയിലും വട്ടക്കുഴി പിതാവിന് ബഹുമാന്യമായ സ്ഥാനവും അടുപ്പവുമുണ്ടായിരുന്നു. വട്ടക്കുഴി പിതാവിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അതീവ ദുഖത്തിലാണ്. അഭിവന്ദ്യ ജോസഫ് പവ്വത്തില്‍ പിതാവിന്റെ പിന്‍ഗാമിയായി രൂപതയെ ആത്മീയവും ഭൗതികവുമായി വളര്‍ത്താന്‍ മാര്‍ വട്ടക്കുഴിയുടെ സേവനങ്ങള്‍ വളരെയേറെ സഹായിച്ചു.

സീറോ മലബാര്‍ സഭയുടെ പേരില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ദൈവജനത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. കാരുണ്യവര്‍ഷത്തിന്റെ ഈ സമാപനവേളയില്‍ കാരുണ്യവാനായ ദൈവം അഭിവന്ദ്യ വട്ടക്കുഴി പിതാവിനു നിത്യസമ്മാനം നല്‍കി അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.

ബിഷപ് മാർ മാത്യു വട്ടക്കുഴിയുടെ ഭൗതികശരീരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ സംസ്കരിക്കും. കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ് സംസ്കാരം. കാഞ്ഞിരപ്പള്ളിയുടെ പ്രഥമ ബിഷപ് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം നടത്തും. സംസ്കാരശുശ്രൂഷയുടെ വിവിധ ഘട്ടങ്ങളിൽ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അനുശോചന സന്ദേശം നൽകും.