News - 2024

ബോക്കോഹറാം ഭീഷണി നിലനില്‍ക്കുന്നിടത്ത് സമൂഹവിവാഹം നടത്തി കൊണ്ട് നൈജീരിയന്‍ കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 28-11-2016 - Monday

അബൂജ: നൈജീരിയായിലെ ന്യൂ ന്യാന്യയിലെ സെന്റ് സില്‍വസ്റ്റര്‍ കത്തോലിക്ക ദേവാലയത്തിന്റെ നേതൃത്വത്തില്‍ സമൂഹ വിവാഹം നടത്തി. ബോക്കോ ഹറാം തീവ്രവാദികളുടെ നിരന്തര ആക്രമണങ്ങള്‍ നിറം കെടുത്തിയ നൈജീരിയന്‍ ജനതയുടെ ജീവിതം, സാധാരണ ഗതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ സമൂഹ വിവാഹം നടത്തപ്പെട്ടത്. ലിഫ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യൂ ഔഡുവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത്.

ഏറെ നാള്‍ ഭീതിയുടെയും ആക്രമണത്തിന്റെയും നിഴലില്‍ കഴിഞ്ഞിരുന്ന നൈജീരിയന്‍ ജനതയ്ക്ക് സന്തോഷത്തിന്റെ പുതുസ്പന്ദനങ്ങളാണ് സമൂഹവിവാഹം നല്‍കിയത്. സമൂഹ വിവാഹം നടന്ന ന്യൂ ന്യാന്യയില്‍ രണ്ടു തവണ ബോക്കോ ഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. വിവാഹത്തിലൂടെ 80 ദമ്പതിമാരാണ് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. സെന്റ് സില്‍വസ്റ്റര്‍ ദേവാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു മഹനീയ ചടങ്ങ് നടത്തപ്പെടുന്നതെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഇവാച്ചി അജീഫു പത്രകുറിപ്പിലൂടെ അറിയിച്ചു.

ക്രിസ്തുവിന്റെ സ്‌നേഹം ധരിച്ചവരായി മാറുവാന്‍ ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്ന നവദമ്പതിമാര്‍ക്ക് സാധിക്കട്ടെ എന്ന് ബിഷപ്പ് മാത്യൂ ഔഡു തന്റെ ആശംസാ സന്ദേശത്തില്‍ നവദമ്പതികളോട് പറഞ്ഞു. പരസ്പര സ്‌നേഹം ഇല്ലാതെ ദാമ്പത്യജീവിതം മുന്നോട്ടു നയിക്കുവാന്‍ സാധിക്കില്ലെന്നു പറഞ്ഞ പിതാവ്, ദാമ്പത്യ ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍ പലരും വീണു പോകുന്ന അപകട കുഴികളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.

നൈജീരിയായിലെ നസരവാ സംസ്ഥാനത്തിലെ കരൂ എന്ന പ്രദേശിക ഭരണപ്രദേശത്തുള്ള ചെറുപട്ടണമാണ് ന്യൂ ന്യാന്യ. ഇവിടെയ്ക്കുള്ള ബിഷപ്പ് മാത്യൂ ഔഡുവിന്റെ ആദ്യത്തെ അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് സമൂഹവിവാഹം ക്രമീകരിച്ചത്. തീവ്രവാദ ഭീഷണിയില്‍ ഏറെ നാളായി കഴിഞ്ഞിരുന്ന നൈജീരിയായിലെ മത-സമൂഹിക- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കുക എന്നതും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സഭ ലക്ഷ്യമാക്കുന്നു.


Related Articles »