Purgatory to Heaven - December 2018

ശുദ്ധീകരണാത്മാക്കളും ദൈവമായ കര്‍ത്താവും തമ്മിലുള്ള ബന്ധം

സ്വന്തം ലേഖകന്‍ 05-12-2016 - Monday

“വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും” (ജെറെമിയ 31:3).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 5

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളും കര്‍ത്താവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എന്തെങ്കിലും എനിക്ക് വെളിപ്പെടുത്തി തരുവാന്‍ ഞാന്‍ കര്‍ത്താവിനോട് അപേക്ഷിച്ചു, കര്‍ത്താവ്‌ എനിക്ക് മറുപടി തന്നു: ‘സ്നേഹത്തിനും സ്നേഹത്തിനുമിടക്ക്‌ യാതൊന്നുമില്ല വെറും സ്നേഹം മാത്രം’. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളിൽ നിന്നും ദൈവീക സ്നേഹത്താല്‍ അവര്‍ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുന്ന കാഴ്ച ഉജ്ജ്വലവും മൃദുവായതുമായ ഒരുപ്രകാശത്തില്‍ കര്‍ത്താവ്‌ എനിക്ക് കാണിച്ചു തന്നു”.

(ലൂസി ക്രിസ്റ്റിന്‍, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ നമ്മുടെ പ്രാർത്ഥനയിലൂടെ സഹായിക്കാനും അങ്ങനെ അവർ ദൈവീക സ്നേഹത്താല്‍ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുവാനുമുള്ള കൃപാവരത്തിനായി നമുക്കു പ്രാർത്ഥിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »