India - 2024

ചാവറയച്ചന്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവ്: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

04-01-2022 - Tuesday

മാന്നാനം: സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചാവറയച്ചന്റെ സേവനം സ്വന്തം മതത്തിനു മാത്രമായിരുന്നില്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ് ചാവറയച്ചന്‍ നടത്തിയത്. നാനാജാതി മതസ്ഥരെ ഒരു പള്ളിക്കൂടത്തിന്റെ ഉള്ളിലിരുത്തി വിപ്ലവം സൃഷ്ടിച്ച പരിഷ്‌കര്‍ത്താവായിരുന്നു ചാവറയച്ചനെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം, സാമൂഹികനീതി, സ്ത്രീശക്തീകരണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, സഹകരണമന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍എംപി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ ഫാ. തോമസ് ചാത്തംപറന്പില്‍ സ്വാഗതവും സിഎംസി സൂപ്പീരിയര്‍ ജനറല്‍ മദര്‍ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. കൊച്ചിയില്‍നിന്ന് ആര്‍പ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്ത് പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ഉപരാഷ്ട്രപതി രാവിലെ 9.50ന് മാന്നാനത്ത് എത്തി.

നേരത്തെ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തിലെത്തിയ ഉപരാഷ്ട്രപതി അരളിപ്പൂക്കള്‍ കബറിടത്തില്‍ അര്‍പ്പിച്ച് അല്പനേരം പ്രാര്‍ത്ഥനാനിരതനായി നിന്നു. തുടര്‍ന്നു ബെഞ്ചില്‍ ഇരുന്നു. ദേവാലയത്തില്‍ അടുത്തിടെ നവീകരിച്ച പ്രധാന അള്‍ത്താരയും മറ്റു നാല് അള്‍ത്താരകളും നോക്കിക്കണ്ടു. പഴമയുടെ ഭംഗി ഒട്ടും ചോരാതെയുള്ള പെയിന്റിംഗും ചിത്രപ്പണികളും മനോഹരമായിരിക്കുന്നതായി ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. അള്‍ത്താരയിലെ വിശുദ്ധ ചാവറയച്ചന്റെ രൂപവും ശ്രദ്ധിച്ചു. തീര്‍ഥാടന കേന്ദ്രത്തെക്കുറിച്ചും തിരുക്കര്‍മങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞ ഉപരാഷ്ട്രപതി മാന്നാനം പുണ്യഭൂമിയിലെത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും പറഞ്ഞു. പൊതുസമ്മേളനത്തിനുശേഷം 10.50ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കൊച്ചിക്കു മടങ്ങി.


Related Articles »