Purgatory to Heaven. - November 2025
കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങിയപ്പോള്‍
സ്വന്തം ലേഖകന്‍ 16-11-2024 - Saturday
“മരണമേ, നിന്റെ ദംശനം എവിടെ?” (1 കോറി 15:55).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 16
“ബുധനാഴ്ച, പരിശുദ്ധ ദിവ്യകാരുണ്യം വാഴ്ത്തുന്നതിനിടയില്‍ യേശുവിന്റെ ആരാധ്യമായ സ്വര്‍ഗ്ഗാരോഹണത്തിന്റെ നന്മയെ പ്രതി ശുദ്ധീകരണസ്ഥലത്തുള്ള വിശ്വാസികളുടെ ആത്മാക്കളെ അവരുടെ സഹനങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്ന് ഞാന്‍ അപേക്ഷിച്ചു. നിരവധികൊളുത്തുകളുള്ള ഒരു സ്വര്‍ണ്ണ വടിയുമായി നമ്മുടെ കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങുന്നതായി എനിക്ക് കാണുവാന്‍ കഴിഞ്ഞു. ആ കൊളുത്തുകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളേ പോലെയാണ് എനിക്ക് തോന്നിയത്.
അതുപയോഗിച്ച് കര്‍ത്താവ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ആശ്വാസപ്രദായകമായ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടുന്നതായും ഞാന്‍ കണ്ടു. ഇതില്‍ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു: എപ്പോഴെങ്കിലും ആരെങ്കിലും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി കാരുണ്യപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളികളായിട്ടുള്ളവരുടെ ആത്മാക്കളുടെ ഭൂരിഭാഗവും മോചിപ്പിക്കപ്പെടും” - വിശുദ്ധ ജെര്‍ത്രൂദ്.
വിചിന്തനം:
ഓണ്‍ലൈനിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും, വാര്‍ത്തകളിലൂടെയും നിങ്ങള്‍ കേട്ടിട്ടുള്ള ആത്മാക്കള്‍ക്കായി നിത്യ ശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.