India - 2024

ലോകത്തിന് സാക്ഷ്യമായി കര്‍ത്താവിന്റെ കാസ ഉയര്‍ത്തുവാന്‍ ഫാ. ജെയിംസും ഇനി സഭയ്ക്ക് ഒപ്പമുണ്ടാകും

സ്വന്തം ലേഖകന്‍ 27-12-2016 - Tuesday

കോട്ടയം: ജീവിതത്തില്‍ പ്രതിസന്ധികളെ സന്തോഷപൂര്‍വ്വം തരണം ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ തീരെ കുറവാണ്. ചെറിയ പ്രശ്നങ്ങള്‍ പോലും ഇന്ന്‍ പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ഇത്തരക്കാരുടെ മുന്നില്‍ വലിയൊരു സാക്ഷ്യമാണ് നവവൈദികനായ ജയിംസ് തെക്കുംചേരികുന്നേല്‍ നല്‍കുന്നത്. ഗുരുതരമായ കാൻസർ ബാധിച്ച് തന്റെ ഇടതുകാലും ഇടതു ശ്വാസകോശവും കവർന്നെടുത്തിട്ടും അൾത്താരയിൽ കര്‍ത്താവിന്റെ തിരുശരീരങ്ങള്‍ ഉയർത്തണമെന്ന ജയിംസ് തെക്കുംചേരികുന്നേലിന്റെ ആഗ്രഹത്തെ പിന്തിരിപ്പിക്കാനായില്ല.

ഒരു അഭിഷിക്തനാകണമെന്ന തന്റെ വലിയ ആഗ്രഹത്തിന് തടസ്സമായി നിന്ന രോഗത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ച ജെയിംസ് കൃത്രിമ കാലുമായാണ് ഇന്നലെ അഭിഷിക്തനായത്. മാതൃ ഇടവകയായ പാലാ ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹൻമാരുടെ പള്ളിയിൽ ബിഷപ് മാർ ജേക്കബ് മുരിക്കനിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ അഭിമാനത്തോടെ നെഞ്ചിലേറ്റുവാന്‍ പ്രാർഥനയുമായി നൂറുകണക്കിനാളുകളാണ് ദേവാലയത്തില്‍ എത്തിയത്.

തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റണമെന്ന വലിയ മോഹവുമായിട്ടാണു ജയിംസ് എംസിബിഎസ് സെമിനാരിയില്‍ ചേര്‍ന്നത്. ബംഗളൂരു ജീവാലയ സെമിനാരിയില്‍ ഫിലോസഫി പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടത്. പരിശോധനകൾക്കൊടുവിൽ കിട്ടിയ ഫലം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരിന്നു. ഇടതുകാലിലെ എല്ലുകൾക്കു കാൻസർരോഗം. കാൽമുട്ടിനു താഴെക്കു മുറിച്ച് മാറ്റണം. ഡോക്ടറുമാര്‍ വിധിയെഴുത്ത് നടത്തി.

പക്ഷേ ആ വിധിയെഴുത്തിനു ബ്രദർ ജയിംസിനേ തളര്‍ത്താന്‍ കഴിഞ്ഞില്ല. ചുണ്ടുകളിൽ നിറപുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു. കാൽമുട്ടിനു താഴെക്കു മുറിച്ച് മാറ്റി. പിന്നെ കൃത്രിമ കാലിലായിരിന്നു ജെയിംസിന്റെ ജീവിതം. പക്ഷേ സഹനങ്ങള്‍ അവസാനിച്ചിരിന്നില്ല. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഇടതുഭാഗത്തെ ശ്വാസകോശത്തിനും ക്യാന്‍സര്‍ ബാധിച്ചു. ആ ശ്വാസകോശവും മുറിച്ചുമാറ്റി. ഈ പ്രതിസന്ധികളിലൊക്കെയും വൈദികനാകണമെന്ന അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹത്തിനു പിന്തുണയുമായി ദിവ്യകാരുണ്യമിഷനറി സഭയും സുഹൃത്തുക്കളും കൂടെ നിന്നു. തന്റെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണ ജീവിതത്തോടുള്ള ആഗ്രഹവും കൊണ്ട് ഇന്ന്‍ ലോകത്തിന് മുന്നില്‍ വലിയൊരു സാക്ഷ്യമായി തീര്‍ന്നിരിക്കുകയാണ് ഫാ. ജെയിംസ് തെക്കുംചേരികുന്നേല്‍.

വചന പ്രഘോഷകനായ ജോയിയുടെയും ജെസിയമ്മയുടെയും പുത്രനാണ് നവവൈദികനായ ജയിംസ്. ഇനി ആയിരങ്ങള്‍ക്ക് പ്രചോദനത്തിന്റെ തിരിനാളങ്ങള്‍ തെളിയിക്കുവാന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനായി ഫാ.ജെയിംസും സഭയ്ക്ക് ഒപ്പമുണ്ടാകും. തെക്കും ചേരിക്കുന്നേൽ കുടുംബത്തിൽനിന്നുള്ള ഏഴാമത്തെ വൈദികനും ചെമ്മലമറ്റം ഇടവകയിൽനിന്നുള്ള 58–ാമത്തെ വൈദികനുമാണു ഫാ. ജെയിംസ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക