News - 2025
രാജ്യത്ത് ആദ്യമായി നീലചിത്രങ്ങളുടെ സ്വാധീനത്തെ കുറിച്ച് ബോംബൈ അതിരൂപതാ പഠനം നടത്തുന്നു
സ്വന്തം ലേഖകന്‍ 01-02-2017 - Wednesday
മുംബൈ: നീലചിത്രങ്ങള്‍ കാണുന്നത് കുടുംബ ജീവിതത്തേയും, വ്യക്തികളേയും എങ്ങനെയാണ് ദോഷകരമായി ബാധിക്കുക എന്നതിനെ സംബന്ധിച്ച് മുംബൈ അതിരൂപത പ്രത്യേക പഠനം നടത്തുന്നു. ഇത്തരം ഒരു പഠനം രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് നടത്തപ്പെടുന്നത്. നീലചിത്രങ്ങള്‍ കാണുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിവരികയും, നിരവധി പേര്‍ മാനസികമായി ഇത്തരമൊരു വൈകൃതത്തിന് അടിമയാകുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് അതിരൂപതയുടെ നേതൃത്വത്തില്‍ വിപുലമായ പഠനം തന്നെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
15 വയസ് മുതല്‍ പ്രായമുള്ള കുട്ടികളില്‍ തുടങ്ങി, മുതിര്‍ന്ന ആളുകളെ വരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രത്യേക സര്‍വ്വേ നടത്തുന്നത്. സ്ഥിരമായി നീലചിത്രങ്ങള്‍ കാണുന്നവരുടെ വിവിധ സ്വഭാവങ്ങളെ കുറിച്ചും, ഇത്തരക്കാര്‍ കുടുംബത്തിലും, സമൂഹത്തിലും, ജോലി സ്ഥലങ്ങളിലും എങ്ങനെയാണ് ഇടപെടല്‍ നടത്തുന്നത് എന്നതിനെ കുറിച്ചുമെല്ലാം വിശദമായ പഠനം നടത്തുവാനാണ് അതിരൂപത പദ്ധതി തയാറാക്കിയിരിക്കുന്നത്.
മുംബൈ അതിരൂപതയുടെ ഫാമിലി സര്‍വ്വീസ് സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ കജീറ്റന്‍ മിനീസസ് ആണ് നീലചിത്രങ്ങളുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുന്ന പ്രത്യേക സമിതിയുടെ തലവന്‍. "നല്ല വിവാഹ ബന്ധത്തിലാണ് നാം ഏര്‍പ്പെടുന്നതെങ്കില്‍, നമുക്ക് മികച്ച ഒരു കുടുംബം സൃഷ്ടിക്കുവാന്‍ കഴിയും. ഒരു മികച്ച രാഷ്ട്രത്തിന്റെ അടിസ്ഥാനം തന്നെ സന്തോഷവും, സമാധാനവുമുള്ള കുടുംബങ്ങളില്‍ അടിസ്ഥാനപ്പെട്ടാണ് നിലകൊള്ളുന്നത്. എന്നാല്‍ നീലചിത്രങ്ങള്‍ കുടുംബങ്ങളെ നശിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു".
"ഭര്‍ത്താക്കന്മാര്‍ ജീവിതപങ്കാളികളെ നിര്‍ബന്ധപൂര്‍വ്വം നീലചിത്രങ്ങള്‍ കാണുവാന്‍ പ്രേരിപ്പിക്കുന്ന സ്ഥിതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഇത് കുറ്റകരമാണ്. നീലചിത്രത്തോടുള്ള ആസക്തിയെ പുതിയ തരം പ്ലേഗ് എന്ന നിലയില്‍ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. രാജ്യത്ത് ഇന്നു വരെ നീലചിത്രങ്ങളും അവയുണ്ടാക്കുന്ന പ്രശ്‌നങ്ങളെയും സംബന്ധിച്ച് സമഗ്രമായ ഒരു പഠനം നടന്നിട്ടില്ല. ഇത്തരമൊരു പഠനം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്". ഫാദര്‍ കജീറ്റന്‍ മിനീസസ് പറഞ്ഞു.
2014-ല്‍ ആണ് നീലചിത്രങ്ങളെ സംബന്ധിച്ചുള്ള പഠനത്തിന്റെ ആദ്യഭാഗം നടന്നത്. അന്ന്‍ മുംബൈയിലുള്ള ആയിരം പേരെ മാത്രം കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടന്നത്. അതിരൂപതയുടെ ഫാമിലി സര്‍വ്വീസ് സെന്റര്‍ തന്നെയാണ് അന്നും ഇത്തരമൊരു പഠനം നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും 15-നും 25 വയസിനും മധ്യേ പ്രായമുള്ളവരായിരുന്നു. വിവാഹിതരായ ചുരുക്കം പേര്‍ മാത്രമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
അതിവേഗ ഇന്റര്‍നെറ്റും, മറ്റ് നൂതന സംവിധാനങ്ങളും വ്യാപിക്കുന്ന ഈ കാലത്ത് ഇത്തരമൊരു പഠനത്തിന്റെ പ്രസക്തി വളരെ വലുതാണെന്നു പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പഠനത്തില്‍ നിന്നും ലഭിക്കുന്ന ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് പോലുള്ള സംവിധാനങ്ങളിലൂടെ നീലചിത്രത്തിന് അടിമകളായ വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.