Christian Prayer - October 2025

വി. അമ്മ ത്രേസ്യയോടുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 15-10-2022 - Saturday

വിശുദ്ധിയുടെ ഉന്നതപദവിയിലെത്തുവാന്‍ വി.അമ്മത്രേസ്യയെ അനുഗ്രഹിച്ച ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ബാല്യകാലം മുതല്‍ ദൈവസ്നേഹത്താല്‍ ജ്വലിക്കുകയും, ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണതയിലും, പ്രാര്‍ത്ഥനയിലും ഉയരുകയും, കര്‍മ്മല സഭാ നവീകരണത്തിനായി യത്നിക്കുകയും തിരുസഭയുടെ വീരപുത്രിയെന്ന പേരിന് അര്‍ഹയായിത്തീരുകയും ചെയ്ത വി.അമ്മത്രേസ്യയുടെ മാതൃക അനുകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.

"സഹിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന തത്വം സ്വീകരിച്ചുകൊണ്ട് ക്രൂശിതനായ യേശുവിനെ പിന്‍തുടര്‍ന്ന വി.ത്രേസ്യയെ അനുകരിച്ച് ജീവിതക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അനുഗ്രഹദാതാവായ ദൈവമേ, അങ്ങയുടെ പ്രിയപുത്രിയായ വി.അമ്മത്രേസ്യ വഴി ഞങ്ങള്‍ക്കാവശ്യമുള്ള എല്ലാ നന്മകളും പ്രത്യേകിച്ച് ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമായ അനുഗ്രഹങ്ങളും......നല്‍കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍

"ഒന്നുമേ നിന്നെയലട്ടാതിരിക്കട്ടെ

ഒന്നുമേ ഭീതി നല്‍കീടാതെയും;

സര്‍വ്വതും താനേ കടന്നു പോകുന്നിതാ-

സര്‍വ്വേശന്‍ മാത്രമേ നിത്യനുള്ളൂ;

ഏറെ ക്ഷമയോടെ ഏതും സഹിക്കുന്നോന്‍

കൂറോടെ കൈവശമാക്കും സര്‍വ്വം;

ദൈവം മാത്രം മതി ദൈവം മാത്രം മതി

ദൈവത്തെ വേറിട്ടിന്നെന്തു വേണ്ടൂ?"


Related Articles »