News - 2024

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ദിവംഗതനായി

സ്വന്തം ലേഖകന്‍ 14-06-2017 - Wednesday

കോട്ടയം: കോട്ടയം ക്നാനായ അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരി (89) ദിവംഗതനായി. ഇന്ന് (14/06/2017) വൈകുന്നേരം 4.45നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാര തീയതി പിന്നീട് തീരുമാനിക്കും.

1928 സെപ്റ്റംബര്‍ 11 ന് കടുത്തുരുത്തില്‍ കുന്നശ്ശേരില്‍ കുടുംബത്തിലെ ജോസഫ് – അന്നമ്മ ദമ്പതികളുടെ മൂത്ത മകനായാണ് പിതാവ് ജനിച്ചത്. കോട്ടയം ഇടയ്ക്കാട്ടു സ്കൂളിലും സി.എന്‍.ഐ. സ്കൂളിലും കടുത്തുരുത്തി സെന്‍്റ് മൈക്കിള്‍സ് മിഡില്‍ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്ന് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം തിരുഹൃദയക്കുന്നിലുള്ള മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. തുടര്‍ന്നു ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി.

1955 ഡിസംബര്‍ 21-ാം തീയതി കര്‍ദിനാള്‍ ക്ളമന്‍്റ് മിക്കാറിയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. തിരുപട്ടം ലഭിച്ചതിന്റെ പിറ്റേദിവസം സെന്‍്റ് പീറ്റേഴ്സ് ബസിലിക്കയിലുള്ള വി. പത്താംപീയൂസിന്റെ അള്‍ത്താരയിലാണ് പ്രഥമദിവ്യബലി അര്‍പ്പിച്ചത്. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും (ജെ.യു.ഡി) കരസ്ഥമാക്കി നാട്ടില്‍ തിരിച്ചത്തെിയ ഫാ. കുന്നശ്ശേരി തറയില്‍ പിതാവിന്‍്റെ സെക്രട്ടറിയും രൂപതയുടെ ചാന്‍സലറുമായി നിയമിതനായി.

രണ്ടു വര്‍ഷത്തിനുശേഷം അമേരിക്കയിലെ ബോസ്റ്റണ്‍ കോളജില്‍നിന്നും രാഷ്ട്രമീമാംസയില്‍ മാസ്റ്റര്‍ ബിരുദം നേടി. ബി.സി.എം. കോളജില്‍ അധ്യാപകനായി നിയമിതനായ കുന്നശ്ശേരിലച്ചന്‍ അപ്നാദേശ് ദൈ്വവാരികയുടെ പത്രാധിപര്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ ചാപൈ്ളന്‍ എന്നീ നിലകളിലും സേവനം ചെയ്തു. പിന്നീട് അദ്ദേഹം തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരിയുടെ റെക്ടറായി. 1967 ഡിസംബര്‍ 9-ാം തീയതി പോള്‍ ആറാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ സഹായമെത്രാനായി നിയമിച്ചത്.

1968 ഫെബ്രുവരി 24-ാം തീയതി തിരുഹൃദയക്കുന്ന് സ്കൂള്‍ ഗ്രൗണ്ടില്‍ പൗരസ്ത്യ തിരുസംഘത്തിന്‍്റെ പ്രീഫക്ട് കാര്‍ഡിനല്‍ മാക്സ്മില്യന്‍ ഫുസ്റ്റന്‍ബര്‍ഗിന്‍്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വച്ചായിരുന്നു മെത്രാഭിഷേകം നടന്നത്. 1974 മെയ് അഞ്ചാം തീയതി തോമസ് തറയില്‍ പിതാവ് രൂപതാഭരണത്തില്‍ നിന്നും വിരമിച്ചതിനത്തെുടര്‍ന്ന് മാര്‍ കുന്നശ്ശേരി രൂപതാ ഭരണം ഏറ്റെടുത്തു.ഏതാണ്ട് നാലുപതിറ്റാണ്ടു നീണ്ടുനിന്ന കുന്നശ്ശേരി പിതാവിന്റെ മേല്പട്ട ശുശ്രൂഷ കോട്ടയം അതിരൂപതയെ അസൂയാവഹമായ വളര്‍ച്ചയിലേക്കു നയിച്ചു.

2005 മെയ് ഒമ്പതാം തീയതിയാണ് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നിയമിതനായത്. 2005 ജൂണ്‍ മൂന്നിനായിരുന്നു സ്ഥാനാരോഹണം. 2006 ജനുവരി 14-ാം തീയതി മേല്പട്ടശുശ്രൂഷയില്‍ നിന്നും വിരമിക്കുവാനുള്ള പിതാവിന്‍്റെ അപേക്ഷയ്ക്കു സഭാധികാരികള്‍ ഒൗദ്യോഗികാംഗീകാരം നല്കുകയായിരിന്നു.

എസ്.എം.ബി.സി. വൈസ് പ്രസിഡന്‍്റ്, സെക്രട്ടറി, ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയംഗം, കെ.സി.ബി.സി.എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെയും വടവാതൂര്‍ സെമിനാരിയുടെയും ബിഷപ്സ് കമ്മീഷന്‍ ചെയര്‍മാന്‍, സി.ബി.സി.ഐ. എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, റോമില്‍ നടന്ന അല്മായരെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡില്‍ സി.ബി.സി.ഐ.യുടെ പ്രതിനിധി, പൗരസ്ത്യ കാനന്‍ നിയമപരിഷ്കരണത്തിന്‍്റെ പൊന്തിഫിക്കല്‍ കമ്മീഷനംഗം, നിലയ്ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍രെ ട്രസ്റ്റി, ബാംഗ്ളൂര്‍ സെന്‍്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്‍്റെ ഡയറക്ടര്‍ ബോര്‍ഡംഗം, ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കായി റോമില്‍നിന്നും നിയമിതമായ കമ്മിറ്റിയംഗം, സീറോമലബാര്‍ സഭയുടെ പ്രഥമ സ്ഥിരംസിനഡ് അംഗം തുടങ്ങീ നിരവധി മേഖലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട പിതാവിന് പ്രവാചകശബ്ദം കുടുംബത്തിന്റെ ആദരാഞ്ജലികള്‍ ‍


Related Articles »