India - 2024

മാര്‍ കുന്നശേരി സഭാവളര്‍ച്ചയില്‍ വഹിച്ച പങ്കു നിര്‍ണായകം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 15-06-2017 - Thursday

കൊച്ചി: സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആത്മീയ നേതാവായിരുന്നു കാലം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലീത്തായും ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ തലവനുമായിരുന്ന മാര്‍ കുന്നശേരിയുടെ ആത്മീയനേതൃത്വത്തിന്റെ ഫലമായാണ് അതിരൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങളുടെ നവീകരണവും സന്യാസപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും സാധ്യമായത്.

1968 മുതല്‍ 1974 വരെ അന്നത്തെ കോട്ടയം രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായും ശേഷം 2006 ജനുവരി 14 വരെ മേലധ്യക്ഷനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. 2005 മേയ് ഒമ്പതിനു കോട്ടയം അതിരൂപതയായി ഉയര്‍ത്തപ്പെടുകയും മാര്‍ കുന്നശേരി പ്രഥമ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും ചെയ്തു. 1968 മുതല്‍ 2006 വരെയുള്ള മേലധ്യക്ഷ ശുശ്രൂഷ കോട്ടയം അതിരൂപതയുടെ വളര്‍ച്ചയുടെ പാതയിലെ നിര്‍ണായക കാലഘട്ടമായിരുന്നു.

മാര്‍ കുന്നശേരി നല്‍കിയ സംഭാവനകള്‍ ക്‌നാനായ കത്തോലിക്കാസമൂഹത്തെ ആഗോളവ്യാപകമായി ഔന്നത്യത്തിലെത്തിച്ചു. ഘടനാപരമായും സാമുദായികമായും ക്‌നാനായ കത്തോലിക്കാ സമൂഹം വലിയ നേട്ടങ്ങള്‍ കൈവരിച്ചു. അതിരൂപതാ പദവി, ലോകമെമ്പാടുമുള്ള ക്‌നാനായ സമൂഹങ്ങളുടെ സഭാപരമായ ഏകീകരണം, കണ്ണൂര്‍ കേന്ദ്രമാക്കിയുള്ള മലബാര്‍ പ്രദേശത്തെ ക്‌നാനായ അജപാലന സംവിധാനം, കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാരിത്താസ് ആശുപത്രിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും അഭൂതപൂര്‍വകമായ വളര്‍ച്ച എന്നിവ ആര്‍ച്ച്ബിഷപ് കുന്നശേരിയുടെ കാലത്തു കോട്ടയം ക്‌നാനായ സമൂഹം കൈവരിച്ച നേട്ടങ്ങളാണ്.

ക്‌നാനായ സമൂഹത്തിനു കുലപതിയും കത്തോലിക്കാസഭയ്ക്ക് പ്രഗല്ഭനായ കാര്യദര്‍ശിയുമായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ കുന്നശേരിയുടെ വേര്‍പാടില്‍ സീറോ മലബാര്‍ സഭയുടെ ദുഖവും അനുശോചനവും അറിയിക്കുന്നതായും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.


Related Articles »