News

ബധിര മൂകര്‍ക്ക് കൂദാശകളിലെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ പുതിയ പദ്ധതിയുമായി സീറോ മലബാര്‍ സഭ

സ്വന്തം ലേഖകന്‍ 09-08-2017 - Wednesday

കൊച്ചി: ബധിരര്‍ക്കും മൂകര്‍ക്കും പ്രാര്‍ത്ഥനയുടെ പുതിയ അനുഭവം പകരാന്‍ സീറോ മലബാര്‍ സഭ ഒരുങ്ങുന്നു. വിശുദ്ധ കുര്‍ബാനയിലും മറ്റ് കൂദാശകളിലും ബധിരമൂകരായി കഴിയുന്നവര്‍ക്ക് ഭാഗഭാഗിത്വം ഇല്ലാത്ത സാഹചര്യം പരിഗണിച്ചാണ് പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ നീക്കത്തിന് സഭാതലത്തില്‍ നടപടിയെടുക്കാന്‍ പ്രേരണയായിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ആംഗ്യ ഭാഷയില്‍ ബധിര മൂകര്‍ക്ക് പ്രാര്‍ത്ഥനകള്‍ വിശദീകരിച്ച് കൊടുക്കുവാനാണ് സഭയുടെ തീരുമാനം. കേരള സഭയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു പദ്ധതി തയാറാക്കുന്നത്.

കഴിഞ്ഞ ദിവസം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ദിവ്യബലിയര്‍പ്പണം നടത്തിയപ്പോള്‍ ബധിരര്‍ക്കും മൂകര്‍ക്കുമായി ആംഗ്യ ഭാഷയിലൂടെ വിശുദ്ധ കുര്‍ബാന വിശദീകരിച്ച് കൊടുത്തത് ഇതിന്റെ ആദ്യശ്രമമായി. സിസ്റ്റര്‍ സ്മിത എഎസ്എംഐ, സിസ്റ്റര്‍ അഭയ എഫ്‌സിസി, എന്നീ സന്യസ്ഥരാണ് വിശുദ്ധ ബലിയിലെ പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം ആംഗ്യത്തിലൂടെ ബധിരമൂകര്‍ക്ക് പകര്‍ന്ന് നല്‍കിയത്.

നിലവില്‍ കേരളത്തിലെ ഒരു റീത്തിലും കുര്‍ബാനയോ മറ്റ് കൂദാശകളോ അര്‍പ്പിക്കുമ്പോള്‍ ആംഗ്യ ഭാഷയില്‍ വിശദീകരണം നല്‍കുന്ന പതിവില്ല. അടുത്ത സീറോ മലബാര്‍ സഭാസിനഡില്‍ ഇത് സംബന്ധിച്ചു സഭാപ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.


Related Articles »