India - 2024

അന്ധ ബധിര വിദ്യാര്‍ത്ഥികള്‍ക്കു വിശ്വാസ പരിശീലനം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സീറോ മലബാര്‍ സിനഡ്

സ്വന്തം ലേഖകന്‍ 31-08-2017 - Thursday

കൊച്ചി: അന്ധ, ബധിര വിദ്യാര്‍ത്ഥികള്‍ക്കു വിശ്വാസ പരിശീലനം കൂടുതല്‍ ഫലപ്രദമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും സഭ പ്രതിജ്ഞാബദ്ധമാണെന്നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡ്. വിശുദ്ധ കുര്‍ബാനയിലും മറ്റ് ആരാധനകളിലും ഇവര്‍ക്കും സജീവമായി പങ്കെടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അന്ധ, ബധിര വിദ്യാര്‍ഥികളുടെ ആത്മീയ, സഭാത്മക വളര്‍ച്ചയില്‍ രൂപതാ വിശ്വാസ പരിശീലനകേന്ദ്രങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സിനഡ് ആഹ്വാനം ചെയ്തു.

അന്ധവിദ്യാര്‍ഥികള്‍ക്കായി ബ്രെയ്‌ലി ലിപിയില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കേണ്ടതുണ്ട്. അന്ധരെയും ബധിരരെയും മതബോധനത്തില്‍ സഹായിക്കുന്നതിനു രൂപതകളിലും ഇടവകകളിലും പ്രത്യേകം പരിശീലനം നേടിയവരെ സജ്ജരാക്കണം. വൈകല്യങ്ങള്‍ നേരിടുന്നവരെ സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനാവശ്യമായ പ്രോത്സാഹനങ്ങളും നല്‍കും.

വിശ്വാസപരിശീലനത്തില്‍ സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍ അന്തിമരൂപം നല്‍കിയതായി ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ അറിയിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസാമഗ്രികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാക്കും.

സഭയില്‍ വിശ്വാസപരിശീലനം നടത്തുന്ന അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന രീതിയിലാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ സ്മാര്‍ട്ട് കാറ്റക്കിസത്തിന്റെ ഭാഗമായി തയാറായിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങളോടെ മറ്റു ക്ലാസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

www.smsmartcatechsim.org എന്ന വെബ്‌സൈറ്റിലൂടെ ഡിജിറ്റല്‍ രൂപത്തിലുള്ള പാഠഭാഗങ്ങളും അനുബന്ധ പഠനസഹായികളും ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയെ വിശ്വാസ പരിശീലന മേഖലയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും സ്മാര്‍ട്ട് കാറ്റക്കിസത്തിലൂടെ ലക്ഷ്യമിടുന്നതായി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സീറോ മലബാര്‍ സഭയിലെ 49 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് നാളെ സമാപിക്കും.


Related Articles »