India - 2024

കെസിബിസി മദ്യവിരുദ്ധ സമിതി ദ്വിദിന കൗണ്‍സലിംഗ് ക്യാമ്പ് സമാപിച്ചു

സ്വന്തം ലേഖകന്‍ 23-09-2017 - Saturday

കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തിയ ദ്വിദിന കൗണ്‍സലിംഗ് ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഡോ. എസ്.ഡി. സിംഗ്, ചാര്‍ളി പോള്‍, റിക്‌സണ്‍ ജോസ്, ഡോ. സമീന്‍ സമദ്, ബിന്‍സ് ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, അംഗീകൃത കോളനികള്‍ എന്നിവയുടെ സമീപത്ത് മദ്യശാലകള്‍ ആരംഭിക്കാനുള്ള ദൂരപരിധി വെട്ടിക്കുറച്ചത് കേരളീയ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന്‍ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സിപിഎം എടുത്ത നിലപാടുകളില്‍ വെള്ളം ചേര്‍ത്തു. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞതു ജനങ്ങള്‍ മറന്നിട്ടില്ല. മദ്യമുതലാളിമാരുടെ പണം കണ്ടപ്പോള്‍ സര്‍ക്കാരിന്റെ കണ്ണു മഞ്ഞളിച്ചു. പഞ്ചായത്തുകളുടെ അധികാരം കവര്‍ന്നെടുത്തതായും ബിഷപ് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ നാം സമരയുദ്ധത്തിന് സജ്ജമാകണം. മദ്യനയത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ജനമധ്യത്തില്‍ തുറന്നുകാട്ടണം. അതിനായി മദ്യവിരുദ്ധ സംഘടനകള്‍ സദാ ജാഗരൂകരായി കര്‍മരംഗത്തു നിലയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രോഗ്രാം സെക്രട്ടറിമാരായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, വി.ഡി. രാജു, ജോസ് ചെന്പിശേരി, ബെനഡിക്ട് ക്രിസോസ്റ്റം, ആന്റണി ജേക്കബ്, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ വെളിയില്‍, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, മിനി ആന്റണി, ഷൈബി പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »