India - 2024

കത്തോലിക്ക ആതുരാലയങ്ങള്‍ കരുണയുടെയും കരുതലിന്റെയും ശുശ്രൂഷാവേദികളാകണം: മാര്‍ ടോണി നീലങ്കാവില്‍

സ്വന്തം ലേഖകന്‍ 14-10-2017 - Saturday

കൊച്ചി: കത്തോലിക്ക ആതുരാലയങ്ങള്‍ കരുണയുടെയും കരുതലിന്റെയും ശുശ്രൂഷാവേദികളാവണമെന്നു തൃശൂര്‍ അതിരൂപത നിയുക്ത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ (ചായ് കേരള) 55ാം വാര്‍ഷിക പൊതുസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രോഗീപരിചരണവും രോഗീശുശ്രൂഷകരുമായുള്ള ബന്ധങ്ങളും അജപാലന ചൈതന്യത്തോടെ നോക്കിക്കാണാന്‍ സാധിക്കണം. വെല്ലുവിളികളെ കൂടുതല്‍ നന്മയ്ക്കായുള്ള അവസരങ്ങളാക്കി മാറ്റാന്‍ കത്തോലിക്ക ആരോഗ്യ പരിപാലനരംഗത്തുള്ള ആശുപത്രികള്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പില്‍ അധ്യക്ഷതവഹിച്ചു.

പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഉര്‍സുലൈന്‍ സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയ, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ.സൈമണ്‍ പള്ളൂപെട്ട, സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 450ഓളം ചെറുതും വലുതുമായ ആതുരശുശ്രൂഷ സാമൂഹിക പ്രവര്‍ത്തന സ്ഥാപനങ്ങളുടെ നിലനില്‍പും ഒരുമിച്ചുള്ള പ്രവര്‍ത്തനവും കേരള സമൂഹത്തിന് തുടര്‍ന്നും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു യോഗം വിലയിരുത്തി.

കത്തോലിക്കാസഭയുടെ കീഴിലുള്ള ഏതാനും ചെറിയ ആശുപത്രികള്‍ ഒഴികെ മറ്റെല്ലായിടത്തും വേതനം വര്‍ധിപ്പിച്ചു. സ്ഥാപനങ്ങളുടെ നിലനില്‍പ് ഉറപ്പുവരുത്തുന്നതോടൊപ്പം പാവപ്പെട്ട രോഗികള്‍ക്കു താങ്ങാവുന്ന രീതിയിലുമാവണം പുതിയ വേതന നിര്‍ണയം പൂര്‍ത്തീകരിക്കേണ്ടതെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രണ്ടു ദിവസമായി നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2017- 2020 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു. പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പില്‍, വൈസ്പ്രസിഡന്റ് ഫാ.തോമസ് ആനിമൂട്ടില്‍, സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, ട്രഷറര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, ജോയിന്റ് സെക്രട്ടറി സിസ്റ്റര്‍ തെല്‍മ എന്നിവരാണു ഭാരവാഹികള്‍.


Related Articles »