Youth Zone - 2024

പ്രാര്‍ത്ഥന മാത്രമാണ് ഭ്രൂണഹത്യയ്ക്കുള്ള മറുപടി: എന്‍.എഫ്.എല്‍ പരിശീലകന്‍ ടോണി ഡങ്കി

പ്രവാചകശബ്ദം 22-01-2023 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: കുരുന്നു ജീവനുകളെ ജനിക്കുന്നതിനു മുന്‍പേ തന്നെ കൊന്നൊടുക്കുന്ന ഭ്രൂണഹത്യ എന്ന ദുരന്തത്തിനുള്ള മറുപടി പ്രാര്‍ത്ഥന മാത്രമാണെന്ന് ‘അമേരിക്കന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ്’ (എന്‍.എഫ്.എല്‍) ന്റെ മുന്‍ മുഖ്യ പരിശീലകനും, എന്‍.എഫ്.എല്‍ വിശകലന വിദഗ്ദനുമായ ടോണി ഡങ്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 2ന് ഹൃദയാഘാതം മൂലം മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ‘ബുഫാലോ ബില്‍സ്’ താരം ഡാമര്‍ ഹാമ്ലിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു രാഷ്ട്രം മുഴുവനുമായി ദൈവത്തിലേക്ക് തിരിയുകയാണെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന്‍ അറിയാമല്ലോയെന്ന് ഡങ്കി, ചോദ്യം ഉയര്‍ത്തി.

“അതൊരു ദുരന്തമായേനെ. എന്നാല്‍ അത്ഭുതകരമായത് സംഭവിച്ചു. ഡാമറിന്റെ ഹൃദയം വീണ്ടുമിടിച്ചു. എന്നാല്‍ ശരിക്കും എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? അതൊരു അത്ഭുതമായിരുന്നില്ല”- ഡങ്കി പറഞ്ഞു. മത്സരം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നപ്പോൾ കമന്ററി പറഞ്ഞവർ “നമുക്ക് പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ” എന്ന് പറഞ്ഞപ്പോള്‍, രാജ്യമൊട്ടാകെ ഡാമറിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ബുഫാലോ താരങ്ങള്‍ ഡമറിന് വേണ്ടി കളിക്കളത്തില്‍ നിന്നുകൊണ്ട് തന്നെയാണ് പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം സ്മരിച്ചു. മൂന്ന്‍ ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാവരും കളിക്കളത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ലോകം കണ്ടത്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ഡാമര്‍ സുഖം പ്രാപിച്ചു. ആശുപത്രി വിട്ട അവന്‍ ഇപ്പോള്‍ വീട്ടിലുണ്ടെന്നും ടോണി ഡങ്കി കൂട്ടിച്ചേര്‍ത്തു.

ഡാമാര്‍ ഹാമ്ലിന് വേണ്ടി പ്രാര്‍ത്ഥിച്ചതുപോലെ ജനിക്കുവാനിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയും രാഷ്ട്രം പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ച ഡങ്കി, ഓരോ ദിവസവും രാജ്യത്ത് നിഷ്കളങ്ക ജീവനുകള്‍ അപകടത്തിലായി കൊണ്ടിരിക്കുകയാണെന്നും, അവര്‍ ഒരു പ്രശസ്തനായ കായിക താരമല്ലെന്ന വ്യത്യാസം മാത്രമേ ഉള്ളുവെന്നും, ആ ജീവനുകളും ദൈവത്തിന് പ്രിയപ്പെട്ടതാണെന്നും ഡങ്കി ചൂണ്ടിക്കാട്ടി. “അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു” എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ദൈവമാണ് അവരെ അമ്മയുടെ ഉദരത്തില്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതാദ്യമായാണ് ടോണി ഡങ്കി 'മാര്‍ച്ച് ഫോര്‍ ലൈഫ് റാലി'യില്‍ പങ്കെടുക്കുന്നത്.


Related Articles »