News - 2024

ഇറ്റലിക്കാരനായ പ്രേഷിത വൈദികന്‍ വാഴ്ത്തപ്പെട്ട പദവിയില്‍

സ്വന്തം ലേഖകന്‍ 29-10-2017 - Sunday

റോം: ഇടവക വികാരി, ആദ്ധ്യാത്മിക നിയന്താവ്, നൊവീസ് മാസ്റ്റര്‍ തുടങ്ങീ വിവിധ ദൗത്യങ്ങളില്‍ ക്രിസ്തുവിനു മഹത്വം നല്‍കിയ ഇറ്റലിയിലെ സാന്‍ ഗുയിസ്പ്പ് കോണ്‍ഗ്രിഗേഷനിലെ പ്രേഷിതവൈദികന്‍ ജിയോവാന്നി സ്ക്യാവൊയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ബ്രസീലിലെ കഷിയ ദൊ സൂള്‍ എന്ന സ്ഥലത്തുവച്ച് ഇന്നലെ (28/10/17) ആണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.

ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ജിയോവാന്നി സ്ക്യാവൊയുടേത് സുവിശേഷ കേന്ദ്രീകൃതമായ ജീവിതമായിരിന്നുവെന്ന് കര്‍ദ്ദിനാള്‍ ആഞ്ചലോ പറഞ്ഞു.

1903 ജൂലൈ 8ന് ഇറ്റലിയിലെ വിച്ചേന്‍സ പ്രവിശ്യയിലെ മൊന്തേക്കിയൊ മജ്യോരെയില്‍ ആയിരുന്നു ജിയോവാന്നി സ്ക്യാവോയുടെ ജനനം. വിശുദ്ധ ലെയൊണാര്‍ഡോ മുരിയാള്‍ഡോ സ്ഥാപിച്ച, വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള സന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1927 ജൂലൈ 10ന് പൗരോഹിത്യം സ്വീകരിച്ചു. ഇറ്റലിയില്‍ 4 വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷം അദ്ദേഹം ബ്രസീലിലേക്ക് പ്രേഷിതനായി അയയ്ക്കപ്പെടുകയായിരിന്നു.

തന്റെ സ്തുത്യര്‍ഹമായ സേവനം വഴി അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1967 ജനുവരി 27ന് കഷിയ ദൊ സൂളില്‍ വെച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 2001-ല്‍ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള നാമകരണ നടപടി ആരംഭിച്ചു. 2015-ല്‍ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരിന്നു.


Related Articles »