News - 2025
ഈജിപ്തില്‍ നാല് ക്രൈസ്തവ ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍ 31-10-2017 - Tuesday
കെയ്റോ: വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നാല് കോപ്റ്റിക് ദേവാലയങ്ങള്‍ അടച്ചുപൂട്ടി. മിന്യാ പ്രവിശ്യയിലെ രണ്ട് ഗ്രാമങ്ങളില്‍ സ്ഥിതിചെയ്യുന്ന ദേവാലയങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ തങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായെന്നു വിശ്വാസികള്‍ പറയുന്നു. അതേസമയം പ്രാര്‍ത്ഥന ഒരു കുറ്റമാണെങ്കില്‍ തങ്ങളെ ശിക്ഷിക്കട്ടെ എന്നാണു വിശ്വാസികളുടെ നിലപാടെന്ന്‍ രൂപത വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രവിശ്യയ്ക്കു കീഴിലുള്ള വിശ്വാസികള്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നു മിന്യാ പ്രവിശ്യയിലെ കോപ്റ്റിക്ക് മെത്രാപ്പോലീത്ത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ സംഭവിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടന്നത്. കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമങ്ങള്‍ നടക്കുന്നതും അവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുന്നതും പതിവായിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മകാരിയൂസിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം മിന്യാ രൂപതയുടെ പ്രസ്താവനയോട് പ്രതികരിക്കുവാന്‍ ഇതുവരെ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ല. ഇസ്ലാമിക് വര്‍ഗ്ഗീയവാദികളുടെ ആക്രമത്തില്‍ നിന്നും ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്ന പരാതി പൊതുവേ ഉയരുന്നുണ്ട്. ഇസ്ലാമിക ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് 28 ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മൂന്ന്‍ മാസമായി അല്‍-ആരിഷില്‍ നിന്നും പോര്‍ട്ടിലെത്തി താല്‍ക്കാലിക ക്യാമ്പുകളില്‍ ജീവിതം തള്ളിനീക്കുകയാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പത്തുശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവർ.