News - 2024

ഫ്രാന്‍സിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം സംരക്ഷിക്കുമെന്ന് പോളണ്ട് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 07-11-2017 - Tuesday

ക്രാക്കോ: ഫ്രാന്‍സിലെ ഉന്നത നീതിപീഠമായ കോണ്‍സെല്‍ ഡി’ഏറ്റാറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന്‍ ബ്രിട്ടാണിയിലെ പ്ലോയെര്‍മേല്‍ നഗരത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ രൂപം പോളണ്ടിലേക്ക് കൊണ്ടുപോകുമെന്ന് പോളിഷ് പ്രധാനമന്ത്രി ബീറ്റാ സിട്ലോ. ഇത്തരത്തിലുള്ള മതപരമായ വിലക്കുകള്‍ യൂറോപ്പിന്റെ മൂല്യങ്ങള്‍ക്ക് തുരങ്കം വെക്കുമെന്നും അവര്‍ പറഞ്ഞു.

പ്രാര്‍ത്ഥനാ നിരതനായി നില്‍ക്കുന്ന രീതിയിലുള്ള വിശുദ്ധന്റെ 25 അടി പൊക്കമുള്ള രൂപത്തിന്റെ മുകളിലുള്ള കുരിശു രൂപം 'പൊതുസ്ഥലങ്ങളില്‍ മതപരമായ പ്രതീകങ്ങളും അടയാളങ്ങളും പാടില്ല' എന്ന 1905-ലെ നിയമത്തിനെതിരാണ് എന്ന് പറഞ്ഞുകൊണ്ടാണ് കോടതി രൂപം നീക്കം ചെയ്യുവാന്‍ നേരത്തെ ഉത്തരവിട്ടത്.

2006-ലാണ് റഷ്യന്‍ കലാകാരനായ സൗറാബ് ട്സര്‍ട്ടേലി നിര്‍മ്മിച്ച രൂപം ഇവിടെ സ്ഥാപിച്ചത്. സ്ഥാപനത്തിന് ശേഷം ഇതിനെചൊല്ലിയുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ദി സെക്കുലറിസ്റ്റ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫ്രീ തോട്ട്’ പ്രവര്‍ത്തകര്‍ ഈ രൂപം നീക്കം ചെയ്യണമെന്ന നിലപാടുമായി രംഗത്തെത്തിയിരിന്നു. ഇതിന് അനുകൂലമായ വിധത്തിലാണ് കോടതിയും നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കോടതിയുടെ ഉത്തരവിനെതിരെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

നമ്മുടെ വേരുകളെ ഇല്ലാതാക്കുന്ന ഈ ഭ്രാന്ത് എന്നാണു അവസാനിക്കുക എന്നാണ് വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എം‌പിയായ വലേറി ബോയര്‍ ചോദിച്ചത്. അനീതി ഫ്രാന്‍സിന്റെ ജൂത-ക്രിസ്ത്യന്‍ സമൂഹത്തെ നശിപ്പിക്കുമെന്നു ഫ്രണ്ട് നാഷണലിന്റെ വൈസ് പ്രസിഡന്റായ ലൂയീസ് അലിയോട്ട് പറഞ്ഞു. പ്ലോയെര്‍മേയിലെ മേയറായ പാട്രിക്ക് ലെ ഡിഫോണും വിശുദ്ധന്റെ രൂപം നീക്കം ചെയ്യുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. മതപരമായ എതിര്‍പ്പുകള്‍ ഒഴിവാക്കുന്നതിനായി പൊതുസ്ഥലം ഏതെങ്കിലും സ്വകാര്യം നിക്ഷേപകന് വില്‍ക്കുക എന്ന ആശയവും അദ്ദേഹം മുന്നോട്ടു വെച്ചിട്ടുണ്ട്.


Related Articles »