News
ദനഹ തിരുനാളിൽ പോളണ്ടിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്തത് രണ്ട് ദശലക്ഷം വിശ്വാസികള്‍
പ്രവാചകശബ്ദം 08-01-2025 - Wednesday
വാര്‍സോ: ദനഹാ തിരുനാൾ ദിനമായിരുന്ന ജനുവരി ആറാം തീയതി പോളണ്ടിലെ വിവിധസ്ഥലങ്ങളിൽ നടന്ന വിപുലമായ ആഘോഷങ്ങളില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം. പ്രസിദ്ധമായ മൂന്നു രാജാക്കന്മാരുടെ പ്രദക്ഷിണം തലസ്ഥാന നഗരിയായ വാര്‍സോ ഉൾപ്പെടെ ചെറുതും വലുതുമായ 905 നഗരങ്ങളിലാണ് നടന്നത്. ദനഹയോട് അനുബന്ധിച്ച് യേശുവിനെ സന്ദര്‍ശിച്ച പൂജാരാജാക്കന്മാരുടെ സ്മരണയുണർത്തി നടത്തുന്ന ഘോഷയാത്രകൾ പോളണ്ടില്‍ ഏറെ ശ്രദ്ധ നേടിയ ആഘോഷങ്ങളില്‍ ഒന്നാണ്. 17 വർഷമായി പോളണ്ടിലെ വിവിധ തെരുവുകളിൽ, യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ദിനത്തിൽ നടത്തുന്ന റാലി ഈ വർഷവും മുടക്കം കൂടാതെ നടത്തുകയായിരിന്നു. സംഘാടകരുടെ കണക്കനുസരിച്ച് രണ്ട് ദശലക്ഷം ആളുകൾ ഘോഷയാത്രയില്‍ പങ്കെടുത്തുവെന്നാണ് വിവരം.
2008 മുതൽ എല്ലാ വർഷവും പോളണ്ടിൽ നടത്തുന്ന ഈ റാലിയിൽ ക്രിസ്മസ് കാലഘട്ടത്തിലെ സുവിശേഷ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കത്തക്കവണ്ണം വേഷങ്ങൾ ധരിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുന്നത്. 'ബത്‌ലഹേമിലെ നക്ഷത്രത്തിന്റെ' പിറകെയാണ് തെരുവുകളിലൂടെ ജനം നടന്നുനീങ്ങുന്നത്. മൂന്ന് രാജാക്കന്മാരും, അവരുടെ പിന്നാലെ വരുന്നവരും പുൽത്തൊഴുത്തിൽ എത്തി ഉണ്ണിയേശുവിനെയും, തിരുകുടുംബത്തെയും വണങ്ങുന്നു. 2011 മുതല്‍ ദനഹാ തിരുനാൾ ദിവസം പോളണ്ടിൽ പൊതു അവധിയായി പ്രഖ്യാപിച്ചതിനുശേഷം, രാജാക്കന്മാരുടെ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനയുടെ അവസരത്തിൽ, പോളണ്ടിൽ നടത്തുന്ന റാലിയെ കുറിച്ചു പ്രത്യേകം അനുസ്മരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. മൂന്ന് രാജാക്കന്മാരുടെ സ്മരണയുണർത്തി പോളണ്ടിൽ നടക്കുന്ന മഹത്തായ റാലിയിൽ പങ്കെടുത്തവർക്ക് ഞാൻ എന്റെ ആശംസകൾ അയയ്ക്കുന്നു, ഈ പരിപാടിയിലൂടെ വാര്‍സോയിലും സഭയിലും, തെരുവുകളിലും നിരവധി പോളിഷ് നഗരങ്ങളിലും മാത്രമല്ല, ഇവിടെ റോമിൽ ഉൾപ്പെടെ വിദേശത്തും വിശ്വാസത്തിന് സാക്ഷ്യം നൽകുകയാണെന്നും എല്ലാ പോളണ്ടുകാരെയും അഭിവാദ്യം ചെയ്യുകയാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟