News - 2024

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍ 08-11-2017 - Wednesday

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കന്യാസ്ത്രീയെ കോണ്‍വന്റില്‍ വച്ചു മാനഭംഗപ്പെടുത്തിയ കേസില്‍ കൊല്‍ക്കത്ത കോടതി അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും. ബംഗ്ലാദേശ് പൗരന്മാരായ അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. സിസ്റ്റര്‍ നിവേദിതയും മദര്‍ തെരേസയും സേവനമനുഷ്ഠിച്ച സംസ്ഥാനത്തിനു അങ്ങേയറ്റം നാണക്കേടാണ് ഈ സംഭവമെന്നു വിധി പ്രഖ്യാപിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കുങ്കും സിന്‍ഹ പറഞ്ഞു.

നസ്‌റുള്‍ ഇസ്ലാം എന്ന പ്രതിയാണ് എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയത്. 2015 മാര്‍ച്ച് 14നു നാദിയ ജില്ലയിലെ റാണാഘട്ട് പട്ടണത്തിലാണു സംഭവം. ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറിയ സംഘം 12 ലക്ഷം രൂപ അപഹരിക്കുകയും വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രീയാണു മാനഭംഗത്തിനിരയായത്.

നസ്‌റുളിനെ കൂടാതെ പ്രതികളായ മിലന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിദുല്‍ ഇസ്ലാം, മുഹമ്മദ് സലിം ഷേക്ക്, ഖാലേദര്‍ റഹ്മാന്‍, ഗോപാല്‍ സര്‍ക്കാര്‍ എന്നിവര്‍ക്കെതിരേ കൂട്ട മാനഭംഗ, കവര്‍ച്ച, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇതില്‍ ഗോപാല്‍ സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ ബംഗ്ലാദേശ് പൗരന്മാരാണ്. ഗോപാല്‍ സര്‍ക്കാരിന്റെ വീട്ടില്‍വച്ചാണു പ്രതികള്‍ കവര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തിയത്.


Related Articles »