News - 2024

മുന്‍ യു‌എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 08-11-2017 - Wednesday

വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ ആറാം തീയതി പേപ്പല്‍ വസതിയായ സാന്താമാര്‍ത്തായില്‍ വെച്ചായിരിന്നു കൂടിക്കാഴ്ച. അദ്ദേഹത്തോടൊപ്പം 'ദ എല്‍ഡേഴ്സ്' (The Elders) എന്ന അന്താരാഷ്ട്രസംഘടനയിലെ ചില അംഗങ്ങളും സന്ദര്‍ശനത്തിനെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായിരുന്ന നെല്‍സണ്‍ മണ്‍ഡേല സ്ഥാപിച്ച ഈ ഗ്രൂപ്പിന്‍റെ ഇപ്പോഴത്തെ അധ്യക്ഷനാണ് കോഫി അന്നന്‍.

അന്താരാഷ്ട്ര പ്രശ്നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ വത്തിക്കാനുമായുള്ള സഹകരണം ആവശ്യമാണെന്നുള്ള ബോധ്യത്തോടെയാണ് പാപ്പായുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റം, ആണവായുധങ്ങളും സമാധാനവും, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അടുത്തു നടക്കാനിരിക്കുന്ന ആണവായുധ നിരോധനത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സിന്‍റെയും 'ദ എല്‍ഡേഴ്സ്' സംഘടനയുടെ പത്താം വാര്‍ഷികത്തിന്‍റെയും പശ്ചാത്തലത്തിലാണ് കോഫി അന്നന്‍ പാപ്പയെ സന്ദര്‍ശിച്ചത്.


Related Articles »