News - 2024

'ഒരിക്കലും ദയ അര്‍ഹിക്കുന്നില്ല': കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ പ്രതിക്കു മരണം വരെ തടവ്

സ്വന്തം ലേഖകന്‍ 09-11-2017 - Thursday

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ റാണാഘട്ടിലെ കോണ്‍വന്റില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും കവര്‍ച്ച നടത്തുകയും ചെയ്ത പ്രതികള്‍ക്കു ശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് സെഷന്‍സ് കോടതി ജഡ്ജി കുങ്കും സിന്‍ഹ. വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ബംഗ്ലാദേശ് പൗരന്‍ നസ്‌റുല്‍ ഇസ്ലാമിനു മരണംവരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കവര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തിയതിനു നസ്‌റുളിനും കേസിലെ മറ്റു പ്രതികള്‍ക്കും പത്തു വര്‍ഷം കഠിന തടവും കോടതി വിധിച്ചു. പ്രതികള്‍ 10,000 രൂപ വീതം പിഴയടയ്ക്കണം.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതികള്‍ക്കു പരാമാവധി ശിക്ഷ നല്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് രഞ്ജന്‍ ഘോഷ് വാദത്തെ കോടതി ശരിവെക്കുകയായിരിന്നു. അതിക്രൂരമായ കുറ്റകൃത്യമാണു പ്രതികള്‍ ചെയ്തതെന്നും ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നശിപ്പിക്കുകയും ഒരു ദേവാലയം കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ ഒരിക്കലും ദയ അര്‍ഹിക്കുന്നില്ലായെന്നും ജസ്റ്റീസ് കുങ്കും സിന്‍ഹ വിധിപ്രഖ്യാപനത്തിനിടെ പറഞ്ഞു. കവര്‍ച്ച നടത്തിയതിനു ഗോപാല്‍ സര്‍ക്കാര്‍ എന്നയാള്‍ ഒഴികെയുള്ള പ്രതികള്‍ക്കു പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.

അഞ്ചു പ്രതികള്‍ക്കു അഭയം നല്കിയതിനു ഗോപാല്‍ സര്‍ക്കാരിനെ ഏഴു വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. 10,000 രൂപ പിഴയും ഗോപാല്‍ സര്‍ക്കാര്‍ അടയ്ക്കണം. ശിക്ഷകളെല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. മിലന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിദുല്‍ ഇസ്ലാം, മുഹമ്മദ് സലിം ഷേക്ക്, ഖാലേദര്‍ റഹ്മാന്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. 2015 മാര്‍ച്ച് 14നു നാദിയ ജില്ലയിലെ റാണാഘട്ട് പട്ടണത്തിലായിരുന്നു കന്യാസ്ത്രീ മാനഭംഗത്തിനിരയായത്. ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറിയ സംഘം 12 ലക്ഷം രൂപ തട്ടിയെടുത്തിരിന്നു.


Related Articles »