News - 2024

“വിശുദ്ധ കുര്‍ബാന പ്രദര്‍ശനമല്ല”: ദിവ്യബലിയ്ക്കിടെ മൊബൈലില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനെതിരെ പാപ്പ

സ്വന്തം ലേഖകന്‍ 09-11-2017 - Thursday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളും സെല്‍ഫിയുമെടുക്കുന്ന വിശ്വാസികള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ നിശിത വിമര്‍ശനം. ദിവ്യബലിക്കിടെ വിശ്വാസികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുന്നത് കാണുമ്പോള്‍ തനിക്ക് ദുഃഖം തോന്നാറുണ്ടെന്നു പാപ്പാ പറഞ്ഞു. മാര്‍പാപ്പയുടെ ആഴ്ചതോറുമുള്ള പൊതു അഭിസംബോധനയുടെ ഭാഗമായി ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലത്തെ പൊതു അഭിസംബോധനയില്‍ വെച്ചായിരുന്നു പാപ്പാ ഇക്കാര്യം പങ്കുവെച്ചത്. നിര്‍ഭാഗ്യവശാല്‍ ചില ബിഷപ്പുമാരും വൈദികരും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

തിരുക്കർമങ്ങൾക്കിടെ, നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തൂക എന്നു കാർമ്മികൻ പറയുന്ന സന്ദർഭമുണ്ട്. അല്ലാതെ, മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാനല്ല വൈദികൻ പറയുന്നത്. വിശുദ്ധ കുര്‍ബാന വെറുമൊരു പ്രദര്‍ശനമല്ല. വിശുദ്ധ കുര്‍ബാനക്കിടയില്‍ യേശു സന്നിഹിതനാണെന്ന കാര്യം മനസ്സിലാക്കാത്തതുകൊണ്ടാണ് കുര്‍ബാനക്കിടയില്‍ വിരസത തോന്നുകയും, ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ കുര്‍ബാനയുടെ ശരിയായ അര്‍ത്ഥം വിശ്വാസികള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനായി ദിവ്യബലിയെക്കുറിച്ചുള്ള ഒരു പുതിയ പ്രബോധന പരമ്പരക്ക് ആരംഭം കുറിക്കുകയാണെന്ന കാര്യവും പാപ്പാ തന്റെ സന്ദേശത്തില്‍ അറിയിച്ചു.

2015-ല്‍ ഫ്രാന്‍സിസ് പാപ്പായുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനിടക്ക് വിശുദ്ധ കുര്‍ബാനക്കിടയില്‍ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതിനു ഫിലിപ്പീന്‍സിലെ പുരോഹിതര്‍ പാപ്പയുടെ വിമര്‍ശനത്തിനു പാത്രമായിരുന്നു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലും, ഫിലാഡെല്‍ഫിയായിലും പാപ്പായുടെ കുര്‍ബാനക്കിടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കൂദാശ മദ്ധ്യേ ഫോണുകളും, ടാബ്ലെറ്റുകളും ഉപയോഗിക്കുന്നതിന് എതിരെ വത്തിക്കാന്‍ ആരാധനാ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും നേരത്തെ രംഗത്തെത്തിയിരിന്നു.


Related Articles »