News - 2024

അറുപതോളം സ്പാനിഷ് രക്തസാക്ഷികളെ നാളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍ 10-11-2017 - Friday

മാഡ്രിഡ്: സ്പാനിഷ് വിപ്ലവകാലത്ത് കൊല്ലപ്പെട്ട അറുപതോളം രക്തസാക്ഷികളെ നാളെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാഡ്രിഡ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ നടക്കുന്ന സമൂഹ ബലിയര്‍പ്പണ മദ്ധ്യേയെയാണ് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുക. ക്രിസ്തീയ ധീരതയുടെ മഹത്തായ മാതൃകകളാണ് രക്തസാക്ഷികളെന്നു പ്രഖ്യാപനത്തിന് മുന്നോടിയായി കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പീഡനങ്ങളില്‍ പതറാതെ ജീവിക്കാന്‍ രക്തസാക്ഷികള്‍ ഇന്നും പ്രചോദനമാണെന്നും, പീഡനകാലത്തെക്കുറച്ചുള്ള ഭീതി വിട്ടുമാറാന്‍ രക്തസാക്ഷികളുടെ അനുസ്മരണം സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1930-40 കാലയളവില്‍ സ്പെയിനിലുണ്ടായ മതപീഡനത്തെ തുടര്‍ന്നാണ് ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി അവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയെ സ്പെയിനില്‍നിന്നു ഉന്മൂലനം ചെയ്യാന്‍ നിരീശ്വരവാദികളെന്നു സ്വയം വിശേഷിപ്പിച്ച അന്നത്തെ ഭരണകൂടത്തിന്‍റെ രാഷ്ട്രീയനീക്കമായിരുന്നു ഒരു പതിറ്റാണ്ടു നീണ്ട സ്പെയിനിലെ മതപീഡനം.

നാളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്ന ആകെയുള്ള 60 രക്തസാക്ഷികളുടെ ആദ്യസംഘത്തില്‍ മിഷ്ണറി സഭയിലെ 10 വൈദികരും 2 ഇടവകവൈദികരും, 2 ഉപവികളുടെ സഹോദരിമാരും, മരിയന്‍ സംഘടനയിലെ 7 അല്‍മായരും ഉള്‍പ്പെടുന്നു. രണ്ടാമത്തെ 39 പേരുടെ സംഘം മാ‍ഡ്രിഡ് അതിരൂപതയില്‍ 1936-ന്‍റെ രണ്ടാം പകുതിയില്‍ കൊല്ലപ്പെട്ടവരാണ്. 2 യുവസന്ന്യസ്തരും അവരോടൊപ്പമുണ്ടായിരുന്ന വിശ്വാസസമൂഹവുമാണ് രക്തസാക്ഷികളുടെ രണ്ടാംഗണം.


Related Articles »