News

പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 15-11-2017 - Wednesday

റിയാദ്: മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി സൗദി അറേബ്യ സന്ദര്‍ശിച്ചു സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടം, മതസഹിഷ്ണുത തുടങ്ങിയ വിഷയങ്ങള്‍ രാജാവുമായി പാത്രിയാര്‍ക്കീസ് ചര്‍ച്ച ചെയ്തുവെന്നു ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു മതങ്ങള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്ന സൗദിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ സന്ദര്‍ശനം നടത്തുന്നത് അപൂര്‍വ സംഭവമാണ്.

മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തില്‍ സാമൂഹ്യ പരിഷ്‌കരണത്തിന് ആക്കം കുറിച്ചതിനുശേഷമാണ് പാത്രിയാര്‍ക്കീസിന്റെ സന്ദര്‍ശനം. സൗദിയില്‍വച്ച് രാജിപ്രഖ്യാപിച്ച ലെബനീസ് പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയെയും പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് കണ്ടു. സൗദിയിലെ ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. 1975ലാണ് ഒരു ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ ഇതിനു മുന്‍ സൗദി സന്ദര്‍ശിച്ചത്. അന്ത്യോക്യയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ഏലിയാസ് നാലാമനായിരുന്നു അത്.

കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തുകളിലൊന്നായ മാരോണൈറ്റ് സഭയ്ക്ക് ലെബനനു പുറമേ സിറിയയിലും സൈപ്രസിലും സാന്നിധ്യമുണ്ട്. ലെബനോന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും, ക്രിസ്ത്യന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനാണ് പാത്രിയാര്‍ക്കീസ് ബേച്ചാര. ലെബനോനിലെ സൗദി നയതന്ത്രജ്ഞനായ അലി ബിന്‍ സയീദ്‌ അല്‍-അവ്വാദ് അസീരിയാണ് പാത്രിയാര്‍ക്കീസും സല്‍മാന്‍ രാജാവുമായി സന്ദര്‍ശനം സാധ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.


Related Articles »