News - 2024

താത്പര്യമില്ലായ്മ: നിരീശ്വരവാദികളുടെ ആഗോള കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു

സ്വന്തം ലേഖകന്‍ 17-11-2017 - Friday

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ നിരീശ്വരവാദികളുടെ ഏറ്റവും വലിയ സംഗമമായ ഗ്ലോബല്‍ എത്തിസ്റ്റ്‌ കണ്‍വെന്‍ഷന്‍ ആളുകളുടെ താല്‍പ്പര്യമില്ലായ്മ മൂലം ഉപേക്ഷിച്ചു. കണ്‍വെന്‍ഷന്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടത്തുവാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പ്രവേശന പാസ്സിന്റെ വില്‍പ്പനയില്‍ കുറവ് കണ്ടതും കണ്‍വെന്‍ഷന്‍ ഉപേക്ഷിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എത്തിസ്റ്റ്‌ ഫൗണ്ടേഷന്‍ ഓഫ് ഓസ്ട്രേലിയയായിരുന്നു കണ്‍വെന്‍ഷന്റെ നടത്തിപ്പുകാര്‍. ‘ദി സാത്താനിക് വേഴ്സസ്’ എന്ന കൃതിയുടെ രചയിതാവായ സല്‍മാന്‍ റഷ്ദിയെ ആയിരുന്നു മുഖ്യ പ്രഭാഷകനായി നിശ്ചയിച്ചിരുന്നത്.

ഓസ്ട്രേലിയയിലെ നിരീശ്വരവാദ പ്രസ്ഥാനം ദിക്ക് അറിയാതെ ഉഴലുകയാണെന്ന് മെല്‍ബണിലെ സിറ്റി ബൈബിള്‍ ഫോറത്തിലെ റോബര്‍ട്ട് മാര്‍ട്ടിന്‍ പറഞ്ഞു. ഒരു സംഘടനയെന്ന നിലയില്‍ എത്തിസ്റ്റ്‌ ഫൌണ്ടേഷന് കിട്ടിയ ഒരു കനത്ത പ്രഹരമാണിതെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. “മതമില്ലാത്തവരുടെ എണ്ണം” ഓസ്ട്രേലിയയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്ന സമയത്താണ് ആളുകളുടെ താത്പര്യക്കുറവ് മൂലം കണ്‍വെന്‍ഷന്‍ റദ്ദാക്കിയിരിക്കുന്നത്.

എത്തിസ്റ്റ്‌ ഫൗണ്ടേഷനുള്ളിലെ വിഭാഗീയതകളും കണ്‍വെന്‍ഷന്‍ റദ്ദാക്കുന്നതിനുള്ള കാരണമായി മാര്‍ട്ടിന്‍ ചൂണ്ടിക്കാണിക്കുന്നു. ഏതൊരു സംഘടനയായാലും തങ്ങളെ ഒരുമിപ്പിക്കുന്ന ആശയത്തില്‍ നിന്നും വ്യതിചലിച്ചാല്‍ ഐക്യപ്പെടുത്തുന്ന മറ്റൊരാശയം കണ്ടെത്തേണ്ടിവരും. എത്തിസ്റ്റ്‌ ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം ദൈവമില്ല എന്ന ആശയത്തിലായിരുന്നു ഒരുമിച്ചിരുന്നത്. മറ്റൊരാശയം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

റിച്ചാര്‍ഡ് ഹോകിന്‍സ്, ബ്രിട്ടീഷ് ഗ്രന്ഥകര്‍ത്താവും ഫിസിഷ്യനുമായ ബെന്‍ ഗോള്‍ഡാക്രെ തുടങ്ങിയവരുടേയും, പ്രാദേശിക പ്രഭാഷകരായ ജെയിന്‍ കാരോ, പീറ്റര്‍ ഫിറ്റ്‌സ്സിമോണ്‍സ്, ട്രേസി സ്പൈസര്‍, ക്ലെമന്റൈന്‍ ഫോര്‍ഡ് തുടങ്ങിയവരും അടുത്ത വര്‍ഷത്തെ പ്രഭാഷകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 2016-ലെ കണക്കനുസരിച്ച് ഓസ്ട്രേലിയയില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം 29.6 ശതമാനമാണ്. എന്നിരുന്നാലും ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കൂട്ടായ്മയായ സിഡ്നിയിലെ ഹില്‍സോംഗ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണെന്ന കാര്യം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.


Related Articles »