India - 2024

മാര്‍ ടോണി നീലങ്കാവില്‍ ഇന്ന് അഭിഷിക്തനാകും

സ്വന്തം ലേഖകന്‍ 18-11-2017 - Saturday

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി മാര്‍ ടോണി നീലങ്കാവില്‍ ഇന്ന് അഭിഷിക്തനാകും. ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ സജ്ജമാക്കിയ പ്രത്യേക വേദിയില്‍ ഉച്ചകഴിഞ്ഞു രണ്ടിനു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നല്‍കും. മാര്‍ ജേക്കബ് തൂങ്കുഴിയും മാര്‍ റാഫേല്‍ തട്ടിലും സഹകാര്‍മ്മികരാകും. നാല്പതോളം മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മെത്രാന്മാരും നിയുക്ത മെത്രാനും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിവേദിയിലേക്കു പ്രവേശിക്കുന്നതോടെയാണു മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു തുടക്കമാകുക. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള വായിച്ചശേഷം രക്തസാക്ഷികളുടെ തിരുശേഷിപ്പുവന്ദനം നടക്കും. തുടര്‍ന്നു നിയുക്ത മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തും. പ്രധാന പ്രാര്‍ഥനയായ രണ്ടു കൈവയ്പു ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും കൈമാറുക.

തിരുക്കര്‍മങ്ങള്‍ക്കു വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോന്പാറ ആര്‍ച്ച്ഡീക്കനാകും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്കുശേഷം മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേക്ഷണം തൃശ്ശൂര്‍ അതിരൂപതയുടെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാകും. വൈകുന്നേരം അഞ്ചിന് അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.


Related Articles »