News - 2025

മാർപാപ്പയുടെ സന്ദർശനം: ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി

സ്വന്തം ലേഖകന്‍ 18-11-2017 - Saturday

ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദർശനത്തിനു ദിവസങ്ങള്‍ അവശേഷിക്കേ രാജ്യത്തു സുരക്ഷ ശക്തമാക്കി. മാര്‍പാപ്പയുടെ സുരക്ഷ ഉറപ്പു വരുത്താൻ എണ്ണായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ബംഗ്ലാ ഗവണ്‍മെന്‍റ് നിയോഗിച്ചിരിക്കുന്നത്.സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെ അറുനൂറോളം കത്തോലിക്ക സന്നദ്ധ പ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.

ഇസ്ലാമിക രാഷ്ട്രമായ ബംഗ്ലാദേശിൽ ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തെ പരിഗണിച്ചാണ് ഭരണകൂടവും സഭയും ചേർന്ന് ശക്തമായ സുരക്ഷ ഒരുക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുന്ന പരിപാടികളിലെ കവാടങ്ങളിൽ കർശന പരിശോധനയും പത്ത് മീറ്റർ ദൂരപരിധികളിൽ പോലീസിനെ നിയോഗിക്കാനും പദ്ധതിയുണ്ട്. റജിസ്റ്റർ ചെയ്തവരെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകുക. ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ഭീഷണിയൊന്നുമില്ലെന്നും എങ്കിലും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് പ്രഥമ പരിഗണന മാർപാപ്പയ്ക്കാണെന്നും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിലെ അംഗമായ അമോൾ അൽഡോ ലൂക്കാസ് ഗോമസ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുന്ന സുരക്ഷാ മാനദണ്ഡമാണ് മാർപാപ്പയുടേതെന്നും സുരക്ഷാ വീഴ്ചയുടെ എല്ലാ സാധ്യതകളും വിലയിരുത്തിയതായും ഗോമസ് വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പയുടെയും വിശ്വാസികളുടേയും സുരക്ഷയ്ക്കായി പരിശ്രമിക്കുമെന്നും സന്ദർശനം ഉപകാരപ്രദമാക്കുവാൻ അക്ഷീണം യത്നിക്കുമെന്നും സന്നദ്ധ പ്രവർത്തകനായ ജുമുർ ഗോമസ് പറഞ്ഞു. മാർപാപ്പയുടെ ആഗമനത്തെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്ന് സുരക്ഷ കമ്മിറ്റി കോർഡിനേറ്ററും ബംഗ്ലാാദേശ് ക്രിസ്ത്യൻ സംഘടനയുടെ നേതാവുമായ നിർമ്മൽ റോസാരിയോ സൂചിപ്പിച്ചു. മാര്‍പാപ്പ പങ്കെടുക്കുന്ന മതേതര സംഗമത്തിൽ മുസ്ളിം -ഹൈന്ദവ -ബുദ്ധ മതസ്ഥരെ കൂടാതെ പ്രൊട്ടസ്റ്റന്റ് നേതാക്കളും പങ്കെടുക്കും.


Related Articles »