News - 2024

കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളുടെ മൃതസംസ്ക്കാരം അടുത്തയാഴ്ച

സ്വന്തം ലേഖകന്‍ 23-11-2017 - Thursday

കെയ്റോ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ലിബിയയില്‍ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ മൃതസംസ്ക്കാരം അടുത്തയാഴ്ച നടക്കും. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. തുടര്‍ന്നു മൃതശരീരാവശിഷ്ട്ടങ്ങള്‍ ഡി.എൻ.എ പരിശോധനയ്ക്കു വിധേയമാക്കുകയായിരിന്നു. കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നുള്ള ഫലം അനുകൂലമായതോടെയാണ് സംസ്ക്കാര ശുശ്രൂഷകൾ തീരുമാനിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരവാദികൾ മതപീഡനത്തിനിരയാക്കിയവരുടെ സ്മരണയിൽ പണിത ഈജിപ്തിലെ ദേവാലയത്തിലായിരിക്കും സംസ്കാര ശുശ്രൂഷകൾ നടക്കുക. മിന്യാ പ്രവിശ്യയിൽ തലസ്ഥാന നഗരിയിലെ അൽ ഓർ ദേവാലയത്തിൽ ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആരംഭത്തിലോ ആയിരിക്കും സംസ്കാര ചടങ്ങുകൾ. തുടർന്ന് കല്ലറകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷിത്വ സ്മാരകമായി നാമകരണം ചെയ്യും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരം തിരിച്ചറിയാൻ സാധിച്ചതിലുള്ള ആശ്വാസം കുടുംബാംഗങ്ങള്‍ പങ്കുവെച്ചതായി 'ഫിഡ്സ്' റിപ്പോർട്ട് ചെയ്യുന്നു.

2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ ഓറഞ്ച് വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ക്രൈസ്തവരുടെ ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. മതപീഡനത്തെ തുടർന്ന് മരണമടഞ്ഞവരെ ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തുകയും ഫെബ്രുവരിയിൽ അവരുടെ ഓർമ്മ ദിനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


Related Articles »