India - 2024

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം മുടക്കിയത് ഖേദകരം: പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകന്‍ 25-11-2017 - Saturday

തിരുവനന്തപുരം: ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ താത്പര്യം കാട്ടിയിട്ടും കേന്ദ്രം ക്ഷണിക്കാന്‍ തയാറാവാത്തതും മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം മുടങ്ങിയതും ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 27 മുതല്‍ ഡിസംബര്‍ രണ്ടു വരെ മാര്‍പാപ്പ ആദ്യമായി നടത്തുന്ന ദക്ഷിണേഷ്യന്‍ യാത്രയില്‍ പ്രധാന സന്ദര്‍ശന രാജ്യമായി കണ്ടിരുന്നത് ഇന്ത്യയെയാണ്. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍പാപ്പയെ ക്ഷണിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‍ അദ്ദേഹം പറഞ്ഞു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സംഘപരിവാര്‍ എതിര്‍ത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണിപ്പോഴും സംഭവിച്ചത്. ലോകം ആദരവോടെ കാണുന്ന വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. സങ്കുചിതമായ താത്പര്യങ്ങളുടെ പേരില്‍ അദ്ദേഹത്തിന് ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റു തിരുത്താന്‍ തയാറാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.