News - 2024

മ്യാന്‍മര്‍ ഒരുങ്ങി: ഫ്രാന്‍സിസ് പാപ്പ ഇന്നെത്തും

സ്വന്തം ലേഖകന്‍ 27-11-2017 - Monday

വത്തിക്കാന്‍ സിറ്റി/ യാംഗൂണ്‍: മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ പാപ്പ എന്ന ഖ്യാതിയോടെ ഫ്രാൻസിസ് മാർപാപ്പ ഇന്നു രാജ്യത്തു എത്തും. ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ പ്രധാന നഗരമായ യാംഗൂണിലെ വിമാനത്താവളത്തില്‍ എത്തുന്ന പാപ്പാക്കും സംഘത്തിനും വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. പാപ്പയ്ക്ക് സ്വാഗതമറിയിച്ചുകൊണ്ട് നിരവധി പടുകൂറ്റന്‍ ഫ്ലക്സുകളും പോസ്റ്റുറുകളുമാണ് യാംഗൂണിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.

നിരവധി അസ്വസ്ഥതകൾ നിലനിൽക്കുന്ന മ്യാൻമറിലേക്ക് മാർപാപ്പ വരുന്നത് സമാധാനത്തിന്റെ പുതുവഴി തുറക്കുമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് മ്യാന്‍മര്‍ പ്രസിഡന്റ് മാർ ഫെലിക്സ് ലിയാൻ പറഞ്ഞു. കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു ആളുകളാണ് ദിവസങ്ങൾക്കു മുൻപേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു വിദൂര ദേശങ്ങളില്‍ നിന്നും യാങ്കൂണിൽ എത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ വടക്കേ അതിർത്തിയിൽനിന്നു കാലേകൂട്ടി നിന്നും മാത്രം മൂവായിരത്തോളം പേരാണ് പാപ്പയുടെ വരവിനായി സെന്റ് ആന്റണീസ് പള്ളിയങ്കണത്തില്‍ കഴിയുന്നത്. രാജ്യത്തെ രോഹിൻഗ്യ അഭയാർഥികളെയും അവരുടെ പ്രതിനിധികളെയും മാര്‍പാപ്പ സന്ദര്‍ശിക്കുന്നില്ലെങ്കിലും പാപ്പയുമൊത്തു മതസംവാദത്തിൽ പങ്കെടുക്കുന്നവരിൽ മുസ്‌ലിം സമുദായാംഗങ്ങളുമുണ്ടാകുമെന്നാണ് സി‌ബി‌സി‌എം വ്യക്തമാക്കിയിരിക്കുന്നത്.


Related Articles »