News - 2024

ഗര്‍ഭഛിദ്രത്തിനെതിരെ ജപമാലയുമായി അയര്‍ലണ്ട്

സ്വന്തം ലേഖകന്‍ 28-11-2017 - Tuesday

ഡബ്ലിന്‍: കത്തോലിക്ക വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുവാനും ഗര്‍ഭഛിദ്രത്തിനെതിരെ ആത്മീയ ആയുധം ധരിക്കുവാനുമായി അയർലണ്ടില്‍ ഉടനീളം ജപമാലയത്നം നടന്നു. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 26-നാണ് “റോസറി ഓണ്‍ ദി കോസ്റ്റ് ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫെയിത്ത്” എന്ന് പേരില്‍ ജപമാലയത്നം രാജ്യത്തു നടന്നത്. പോളണ്ടിലെയും ഇറ്റലിയിലെയും ജപമാലയത്നവും ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ചുവടുപിടിച്ചാണ് ജപമാലയത്നം നടത്തിയത്.

ഉച്ചകഴിഞ്ഞ് 250 സ്ഥലങ്ങളിലായി ആരംഭിച്ച ജപമാലയജ്ഞത്തിൽ ആയിരകണക്കിന് ആളുകള്‍ കൂട്ടമായാണ് പങ്കുചേര്‍ന്നത്. ശക്തമായ പ്രോലൈഫ് നിയമങ്ങള്‍ ഉള്ള രാജ്യമാണ് അയര്‍ലണ്ടെങ്കിലും, ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനുള്ള സമ്മര്‍ദ്ദം രാജ്യത്തിനുമേല്‍ ഏറിക്കൊണ്ടിരിക്കുകയാണ്. നിരീശ്വര സെക്കുലര്‍ ചിന്താഗതിയും രാജ്യത്തു ശക്തി പ്രാപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജപമാലയത്നം നടത്തിയത്.

വിശ്വാസം ശക്തമാണെങ്കിൽ നാം ഭ്രൂണഹത്യയെപ്പറ്റി ചിന്തിക്കേണ്ടി പോലുമില്ലെന്നു ജപമാല യജ്ഞത്തിന്റെ സംഘാടകയായ കാറ്റി സിന്നോട്ട് പറഞ്ഞു. യേശുവിനെ രാജാവായി അംഗീകരിച്ചുകൊണ്ട് തങ്ങളുടെ രാജ്യത്തെ ക്രിസ്തുരാജന് സമര്‍പ്പിച്ച ആദ്യത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. ഇതിനാലാണ് ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ തന്നെ പരിപാടി നടത്തിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.


Related Articles »