News - 2025

ബംഗ്‌ളാദേശി വൈദികനെ കാണാതായി: തട്ടിക്കൊണ്ട് പോയതെന്ന് സൂചന

സ്വന്തം ലേഖകന്‍ 30-11-2017 - Thursday

ധാക്ക: വടക്കു പടിഞ്ഞാറന്‍ ബംഗ്‌ളാദേശിലെ രാജഷാഹി രൂപതാംഗമായ വൈദികനെ കാണാതായി. ബോണ്‍പാറയിലെ സെന്റ് ലൂയിസ് ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഇടവകയിലെ സഹവികാരിയുമായിരുന്ന ഫാ. വാള്‍ട്ടര്‍ റൊസാരിയോ എന്ന വൈദികനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ഇന്ന് ആരംഭിക്കാനിരിക്കെ നടന്ന സംഭവത്തെ പോലീസ് അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

അതേസമയം മോചനദ്രവ്യം ആവശ്യപ്പെട്ട് തനിക്ക് ഫോണ്‍ സന്ദേശം ലഭിച്ചെന്ന് ഫാ. റൊസാരിയോയുടെ ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. സുബ്രതോ പറഞ്ഞു. മാര്‍പാപ്പ പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാനായി 300ല്‍ അധികം ഇടവകക്കാരുമായി ധാക്കയിലേക്കു പോകാന്‍ ഫാ. റൊസാരിയോ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് തിരോധാനം. വൈദികനെ കാണാതായതില്‍ രാജഷാഹി രൂപതാദ്ധ്യക്ഷന്‍ ഗെര്‍വ്സ് റൊസാരിയോ ഉത്കണ്ഠ പ്രകടിപ്പിച്ചു.

വൈദികനെ തട്ടിക്കൊണ്ടുപോയെന്നു ബലമായി സംശയിക്കുന്നതായും സഭാനേതൃത്വം അതീവ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈദികനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും മോചനദ്രവ്യം വേണമെന്നും പറഞ്ഞു ഫാ. റൊസാരിയോയുടെ ബന്ധുവിനും സന്ദേശം ലഭിച്ചു. നടോര്‍ ജില്ലാ പോലീസാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സംഭവത്തിന് പിന്നില്‍ ഇസ്ളാമിക തീവ്രവാദികളാണെന്നു പോലീസ് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Related Articles »