News - 2024

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചുകൊണ്ട് ഇറാഖി ജനത

സ്വന്തം ലേഖകന്‍ 11-12-2017 - Monday

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്നും സൈന്യം തിരികെപ്പിടിച്ച ക്വാരക്വോഷ് പട്ടണത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചുകൊണ്ട് ഇറാഖി ക്രൈസ്തവര്‍. യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും അവശേഷിച്ചിട്ടുള്ള ‘ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍’ ദേവാലയത്തില്‍ വെച്ച് ഡിസംബര്‍ 8-ന് നടന്ന തിരുനാള്‍ ആഘോഷത്തില്‍ ഏതാണ്ട് മുന്നൂറോളം വിശ്വാസികളാണ് പങ്കെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലായിരുന്ന പട്ടണത്തില്‍ വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ വീണ്ടും കൊണ്ടാടുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികള്‍ പ്രകടിപ്പിച്ചു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് തങ്ങള്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ധ്യാപികയായിരുന്ന ഹാനാ ക്വാഷാ പറഞ്ഞു. തിന്മയുടെ ശക്തികള്‍ നാശംവരുത്തിയ ദേവാലയത്തില്‍ വെച്ച് തന്നെ തിരുനാള്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു. 2014-ലാണ് ഇറാഖി ക്രിസ്ത്യാനികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ക്വാരക്വോഷില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആധിപത്യം സ്ഥാപിച്ചത്.

ആക്രമണത്തെ തുടര്‍ന്ന് ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ക്വാരക്വോഷ് വിട്ട് പലായനം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് മുന്‍പ് 50,000 ത്തോളമായിരുന്ന ക്വാരക്വോഷിലെ ജനസംഖ്യ പിന്നീട് ഗണ്യമായി കുറയുകയായിരിന്നു. അതേസമയം ക്വാരക്വോഷിന്റെ നിയന്ത്രണം ഇറാഖി സൈന്യം തിരികെ പിടിച്ചതിന് ശേഷം പലായനം ചെയ്തതവരില്‍ ചുരുക്കം ക്രിസ്ത്യന്‍ കുടുംബങ്ങളേ തിരികെയെത്തിയിട്ടുള്ളൂയെന്ന് ബിഷപ്പ് നൂയല്‍ ടൂമ പറഞ്ഞു.


Related Articles »