News - 2025

അന്യായ തടവിൽ കഴിയുന്ന ക്രൈസ്തവരെ വിട്ടയക്കണമെന്നു പാക്കിസ്ഥാൻ ഗവൺമെന്റിന് കത്ത്

സ്വന്തം ലേഖകന്‍ 13-12-2017 - Wednesday

ഇസ്ലാമാബാദ്: ലാഹോര്‍ ജയിലില്‍ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രൈസ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ഗവൺമെന്റിന് കത്ത്. ഇൻക്വിലാബ് തെഹരീക് എന്ന ന്യൂനപക്ഷ സംഘടനയുടെ നേതാവായ സലീം ഖുർഷിദ് കോക്കറാണ് അന്യായ തടവില്‍ കഴിയുന്ന ക്രൈസ്തവരെ ക്രിസ്തുമസിന് മുൻപ് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിയ്ക്ക് കത്ത് സമര്‍പ്പിച്ചത്. 2015 മാർച്ച് 15ന് ലാഹോർ സെന്‍റ് ജോൺ കത്തോലിക്ക ദേവാലയത്തിലും ക്രൈസ്റ്റ് ദേവാലയത്തിലും നടന്ന ഇരട്ട ചാവേറാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിശ്വാസികളെ തടവിലാക്കിയത്‌.

അന്നത്തെ ആക്രമണത്തിൽ പതിനഞ്ച് പേർ മരണമടയുകയും എഴുപതോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴിൽ നൂറോളം ക്രൈസ്തവ പ്രതിഷേധക്കാരെയാണ് അന്യായമായി ജയിലിലടച്ചത്. നിരപരാധികളായിരുന്നിട്ടും രണ്ടു വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്നാണ് സലീം ഖുർഷിദ് കോക്കർ കത്തിൽ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗക്കാരെ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇസ്ലാം മതം സ്വീകരിക്കാൻ അവർ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

എൺപതോളം ക്രൈസ്തവർ ഇപ്പോഴും തടവിലാണെന്ന് അഡ്വ.സലീം കോഖർ പറഞ്ഞു. ഇവരില്‍ ഒരാളായിരിന്ന ഉസ്മാൻ ഷൗക്കത്ത് എന്ന യുവാവ് ഡിസംബര്‍ 9നു ലാഹോറിലെ കോട്ട് ലക്ക്പട്ട് ജയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ ക്രൈസ്തവ വിശ്വാസിയും മസിഹ മില്ലറ്റ് പാർട്ടി ചെയർമാനുമായ അസ്ലാം പർവിയസിന്റെ സ്ഥിതിയും മോശമായി വരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സലീം ഖുർഷിദ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്നത്.


Related Articles »