India - 2024

പ്രതിസന്ധികളെ അതിജീവിക്കാന്‍ സഭകളുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണം: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 18-01-2018 - Thursday

കോട്ടയം: ക്രിസ്തുവിലും സുവിശേഷത്തിലും സമര്‍പ്പിതരായി പ്രതിസന്ധികളെ അതിജീവിക്കാന്‍ സഭകളുടെ കൂട്ടായ പ്രവര്‍ത്തനമുണ്ടാകമെന്ന്‍ കോട്ടയം സീരിയില്‍ ചേര്‍ന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍. വിദ്യാഭ്യാസ, ആതുരസേവന ഇതര തലങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു സേവനം തുടരാന്‍ സഭകള്‍ പ്രതിജ്ഞാബദ്ധമാണ്. സഭയുടെ സ്ഥാപനം മുതല്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചാണ് മുന്നേറിയിട്ടുള്ളത്.

ജാതി, മത ചിന്തകള്‍ക്കതീതമായി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ സഭകള്‍ ഒരുമയോടെ ഇടപെടണം. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇതര ദരിദ്രവിഭാഗങ്ങളുടെയും പ്രശ്‌നങ്ങളില്‍ സഭകള്‍ ഒറ്റക്കെട്ടായി സഹായസഹകരണം എത്തിക്കണം. ദളിതരുടെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധചെലുത്തണം.

മേഖലാതലങ്ങളില്‍ സഭാ തലവന്‍മാരുടെ യോഗങ്ങള്‍ ആവശ്യാനുസരണം സംഘടിപ്പിക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി വിവിധ പ്രതിനിധികളെ തിരഞ്ഞെടുത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതവഹിച്ച യോഗത്തില്‍ വിവിധ ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ച് 18 ബിഷപ്പുമാര്‍ പങ്കെടുത്തു. യോഗത്തില്‍ കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെ പ്രത്യേകം അനുസ്മരിച്ചു. അടുത്തയോഗം 2019 ജനുവരി 17നു ചരല്‍ക്കുന്നില്‍ ചേരും.


Related Articles »