Daily Saints.

February 03: വിശുദ്ധ ബ്ലെയിസ്

സ്വന്തം ലേഖകൻ 03-02-2024 - Saturday

അര്‍മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അദ്ദേഹം രോഗശാന്തി നല്‍കിയിരുന്നു. ഐതീഹ്യമനുസരിച്ച്, അസുഖ ബാധിതരായ വന്യമൃഗങ്ങള്‍ വിശുദ്ധന്റെ അടുക്കല്‍ സ്വയം വരുമായിരുന്നുവെന്ന് പറയപെടുന്നു. പക്ഷേ അദ്ദേഹം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ മൃഗങ്ങൾ ഒന്നും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ലയെന്ന്‌ പറയപെടുന്നു. ഈ സമയത്താണ് കാപ്പാഡോസിയായിലെ ഗവര്‍ണര്‍ ആയിരുന്ന അഗ്രികോള, ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാനായി സെബാസ്റ്റേയിലെത്തിയത്. അദ്ദേഹത്തിന്റെ വേട്ടക്കാര്‍ മൃഗങ്ങളെ വേട്ടയാടുന്നതിനായി അര്‍ഗിയൂസ് പര്‍വ്വതത്തിലെ വനത്തിലെത്തി. നായാട്ടെന്നതിലുപരി വിനോദമായിരിന്നു അവരുടെ ലക്ഷ്യം.

വിശുദ്ധ ബ്ലെയിസിന്റെ ഗുഹക്ക് മുന്നിലായി ധാരാളം വന്യമൃഗങ്ങളെ കണ്ട അവര്‍, അവിടെ എത്തുകയും പ്രാര്‍ത്ഥനയിലായിരിന്ന വിശുദ്ധനെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്‍ അവര്‍ അദ്ദേഹത്തെ പിടികൂടി ഗവര്‍ണറുടെ സമക്ഷം ഹാജരാക്കി. അഗ്രികോള വിശുദ്ധനെ ക്രിസ്തുമത വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടു. തുടര്‍ന്ന്‍ തടവറയിലടക്കപ്പെട്ട വിശുദ്ധന്‍ അവിടെയുള്ള തന്റെ സഹതടവുകാര്‍ക്ക് പലവിധ രോഗങ്ങളില്‍ നിന്നും ശാന്തി നല്‍കി. തൊണ്ടയില്‍ മത്സ്യത്തിന്റെ മുള്ള് കുടുങ്ങി ശ്വാസം മുട്ടി മരിക്കാറായ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഭവമാണ് വിശുദ്ധ ബ്ലെയിസിന്റെ മാധ്യസ്ഥ തിരുനാള്‍ ദിനത്തില്‍ കണ്ഠനാളങ്ങള്‍ ആശീര്‍വദിക്കുന്ന ആചാരത്തിനു കാരണമായത്.

വെള്ളത്തില്‍ മുങ്ങിമരിക്കുന്നതിനായി അവര്‍ വിശുദ്ധനെ ഒരു തടാകത്തില്‍ എറിഞ്ഞെങ്കിലും അദ്ദേഹം അത്ഭുതകരമായി വെള്ളത്തിന്റെ മീതെ നില്‍ക്കുകയും, വെള്ളത്തിന്‌ മീതെ നടന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ ശക്തി വേട്ടയാടുന്നവരുടെ മുന്നില്‍ തെളിയിക്കുകയും ചെയ്തു. അത് അനുകരിക്കാൻ ശ്രമിച്ചവര്‍ വെള്ളത്തില്‍ താണു പോയി. വിശുദ്ധന്‍ കരയിലെത്തിയപ്പോള്‍ അദ്ദേഹത്തെ പിടികൂടി അവർ മര്‍ദ്ദിച്ചു. ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു. അദ്ധേഹത്തിന്റെ മാംസം ചെമ്മരിയാടിന്റെ രോമം ചീകുവാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് കൊണ്ട് പിച്ചി കീറുകയും തുടര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇത് കൊണ്ടാണ് ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ള വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മധ്യസ്ഥനായി വിശുദ്ധനെ പരിഗണിക്കുന്നതിന്റെ കാരണം.

നൂറ്റാണ്ടുകളോളം പാശ്ചാത്യ സഭയിലും, പൗരസ്ത്യ സഭയിലും പ്രസിദ്ധനായിരുന്നു വിശുദ്ധ ബ്ലെയിസ്. 1222-ല്‍ ഓക്സ്ഫോര്‍ഡ് സമിതി വിശുദ്ധന്റെ തിരുനാള്‍ ദിനം അടിമപണി നിരോധിക്കുകയുണ്ടായി. എല്ലാവിധ തൊണ്ട രോഗങ്ങള്‍ക്കും വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നു. കൂടാതെ വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ രണ്ട് മെഴുക് തിരികള്‍ പ്രാര്‍ത്ഥനയോട് കൂടി ആശീര്‍വദിക്കുകയും, ഈ ആശീര്‍വാദം ലഭിക്കുന്നവരെല്ലാം എല്ലാവിധ അസുഖങ്ങളില്‍ നിന്നും പ്രത്യേകിച്ച് തൊണ്ടസബന്ധമായ രോഗങ്ങളില്‍ നിന്നും സുഖം പ്രാപിക്കുകയും ചെയ്യുന്നു. സഭയുടെ 14 സഹായക വിശുദ്ധരില്‍ ഒരാൾ കൂടിയാണ് വിശുദ്ധ ബ്ലെയ്സ്.

ഇതര വിശുദ്ധര്‍

1. സ്ക്കോട്ടിഷ് ബിഷപ്പായ അനത്തോളിയൂസ്

2. ബെല്‍ജിയാക്കാരനായ ബെര്‍ലിന്‍റിസ്

3. ഐറിഷുകാരനായ ചെല്ലയിന്‍

4. ആഫ്രിക്കക്കാരനായ ചെലരീനാ, ഇഗ്നേഷ്യസ്, ലൗറന്തിന്തൂസ്

5. ഒരാഫ്രിക്കനായ ചെലരിത്രൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   




Related Articles »