Editor's Pick

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06

ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 29-10-2023 - Sunday

വിശുദ്ധ ബൈബിളിലെ ഏതാനും വിവരണങ്ങളോട് ഖുർആനിലെ ചില കാര്യങ്ങൾക്ക് സാമ്യമുള്ളതുപോലെ തോന്നാനിടയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവ രണ്ടിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നുതന്നെയാണെന്നു പ്രചരിപ്പിക്കുന്ന ചിലരുണ്ട്. അവരുടെ വാദങ്ങൾ ഒരേസമയം രണ്ടു ഗ്രന്ഥങ്ങളോടുമുള്ള അനീതിയാണ്. അവ്യക്തത സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണിത്. ഇക്കൂട്ടരുടെ വാദങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

1. ബൈബിളിലെ യാഹ്‌വെയും ഖുർആനിലെ അള്ളായും ‍

ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ട ഏകസത്യദൈവത്തിന്റെ പേര് 'യാഹ്‌വെ' എന്നാണ്. 'യാഹ്‌വെ' എന്ന വാക്കിന് 'അവൻ ആകുന്നു' എന്നാണർത്ഥം. പുറപ്പാട് 3, 14-ൽ, ദൈവത്തിന്റെ പേര് എന്താണ് എന്നു ചോദിച്ച മോശയ്ക്കു ദൈവം വെളിപ്പെടുത്തിയ പേരാണിത്. 'ദൈവത്തിന്റെ നാമം വ്യഥാ ഉപയോഗിക്കരുത്' എന്ന ദൈവകല്പന പാലിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്യർ 'യാഹ്‌വെ' എന്ന നാമം ഉച്ചരിച്ചിരുന്നില്ല. 'യാഹ്‌വെ' എന്ന് എഴുതിയിട്ട് 'അദോണായ്' എന്നാണ് അവര്‍ വായിച്ചിരിന്നത്. ഈ വാക്കിന്റെ അർത്ഥം 'നാഥൻ/കർത്താവ്' (Master/Lord) എന്നൊക്കെയാണ്. ബി.സി മൂന്നാം നൂറ്റാണ്ടിൽ ഹീബ്രുഭാഷയിലുള്ള തോറ ഗ്രീക്കിലേക്കു വിവർത്തനം ചെയ്തപ്പോൾ 'യാഹ്‌വെ' എന്ന വാക്ക് 'കർത്താവ്' എന്നർത്ഥമുള്ള 'കൂറിയോസ്' (Master/Lord ) എന്നു പരിഭാഷപ്പെടുത്തി. "കൂറിയോസ്" എന്ന പദം 'യാഹ്‌വെ' എന്ന വാക്കിന്റെയല്ല, മറിച്ച് 'അദോണായ്' എന്ന വാക്കിന്റെ വിവർത്തനമാണ്.

ക്രിസ്തുവിന് ആയിരത്തിനാനൂറു വർഷംമുമ്പ് മോശെയിലൂടെ വെളിപ്പെടുത്തുകയും ഒരു ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാകുകയും വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുകയും ചെയ്യപ്പെട്ട നാമമാണ് 'യാഹ്‌വെ'. പ്രസ്‌തുത പദത്തിന്റെ അർത്ഥം 'ദൈവം' എന്നല്ല; മറിച്ച്, അത് ദൈവത്തിന്റെ പേരാണ്.

ദൈവത്തെ സൂചിപ്പിക്കുവാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം 'സർവശക്തൻ' എന്നർത്ഥമുള്ള എലോഹീം ആണ്. അറമായ (സുറിയാനി) ഭാഷ സംസാരിച്ചിരുന്ന യഹൂദരും ക്രൈസ്‌തവരും എലോഹിമിന്റെ സ്ഥാനത്ത് ആലാഹാ എന്ന പദം ഉപയോഗിച്ചു. ആലാഹാ എന്നതിന്റെ അറബിവാക്കാണ് ഇലാഹ്. അറബിഭാഷ ഉപയോഗിച്ചിരുന്ന ക്രൈസ്‌തവർ അലാഹയുടെ അറബിവാക്കായ ഇലാഹ് എന്ന പദമാണ് ഉപയോഗിച്ചിരുന്നത്.

മുഹമ്മദിന്റെ വംശമായ ഖുറേഷി ജനതയ്ക്ക് 360 ഗോത്രദേവന്മാർ (ഇലാഹ്) ഉണ്ടായിരുന്നു. ആ ദേവഗണത്തിലെ പ്രധാനി 'അള്ളാ' എന്ന ദേവൻ ആയിരുന്നു, അദ്ദേഹത്തിനു മൂന്നു പെൺമക്കളും: അൽലാത്, അൽ ഉസ്ലാ, അൽ മനാത്ത് (സുറ 53, 19-20). ജിബ്രീൽ മലക് മുഹമ്മദിനു വെളിപ്പെടുത്തിയതും ഖുർആനിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ ആയത്തുകൾ ഈ അള്ളായുടേതാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം എ.ഡി.630-ൽ മുഹമ്മദ് മക്ക കീഴടക്കിയശേഷം ലാ ഇലാഹ് ഇൽ അള്ളാ (അള്ളാ അല്ലാതെ ദൈവമില്ല) എന്നു പ്രഖ്യാപിച്ചുകൊണ്ട് ഖുറേഷികൾക്കുണ്ടായിരുന്ന മറ്റു ദേവന്മാരെയും അവയുടെ വിഗ്രഹങ്ങളെയും (പ്രതിഷ്ഠകൾ) ഇല്ലായ്‌മ ചെയ്തു. അള്ളായുടെ വിഗ്രഹമായ 'ക്അബ' മാത്രം നിലനിറുത്തി.

മുഹമ്മദീയ അധിനിവേശം അറേബ്യായിൽ ശക്തമായപ്പോൾ ഇസ്ലാമിക ദേവനായ അള്ളായ്ക്ക് പ്രാമുഖ്യം നൽകാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടായി. തത്ഫലമായി, അള്ളാ എന്ന വാക്ക് ദൈവത്തെ കുറിക്കുന്നതിന് ഉപയോഗിക്കാൻ പൊതുസമൂഹം നിർബന്ധിതമായി. ക്രമേണ, അറബിഭാഷയിൽ ദൈവത്തെ സൂചിപ്പിക്കാനുള്ള സാമാന്യനാമമായി (common name) 'അള്ളാ' പ്രചാരത്തിലായതായിരിക്കാം. വിശുദ്ധ ബൈബിളിന്റെ അറബി പരിഭാഷയിൽ 'അള്ളാ' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് സർവശക്തൻ എന്ന അർത്ഥത്തിൽ 'ദൈവ'ത്തിനു പകരമുള്ള വാക്കായാണ്; അല്ലാതെ, 'യാഹ്‌വെ' എന്ന പേരിനു പകരമായല്ല.

"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" (ഉല്പ 1.1) എന്ന വിശുദ്ധ ബൈബിളിലെ ആദ്യവാക്യം, അറബി ബൈബിൾ പരിഭാഷയിൽ, "ആദിയിൽ അള്ളാ ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നാണ്. ഇവിടെ അള്ളാ എന്നതിനു പകരം അറബിവാക്കായ ഇലാഹ് ആയിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. ഈ വിവർത്തനം വായിക്കുമ്പോൾ, യാഹ്‌വെയും അള്ളായും ഒരാൾതന്നെയാണോ എന്ന സംശയമുണ്ടാകാം, തീർച്ചയായും അല്ല. കാരണം, യാഹ്‌വെയെന്നത് ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ വ്യക്തിനാമവും അള്ളാ എന്നത് മുസ്ലീങ്ങളുടെ ഗോത്രദേവന്റെ വ്യക്തിനാമവുമാണ്. ചുരുക്കത്തിൽ, മുസ്ലീങ്ങൾ ആരാധിക്കുന്ന ദേവനും ക്രൈസ്തവർ ആരാധിക്കുന്ന ദൈവവും ഒന്നല്ല.

വാസ്തവത്തിൽ, ഇസ്ലാമിക കാഴ്ചപ്പാടിൽ അള്ളാ എന്നത് ഒരു സാമാന്യ നാമമെന്നതിലുപരി ഖുറേഷി ഗോത്രദേവന്റെ വ്യക്തിനാമമായി (proper name ) നിലനിൽക്കുന്നു. അതുകൊണ്ടാണ് മറ്റു ഭാഷകളിലേക്ക് അള്ളാ എന്ന പദം പരിഭാഷപ്പെടുത്തുമ്പോൾ ദൈവം എന്നോ, ഈശ്വരൻ എന്നോ, പരമേശ്വരൻ എന്നോ ഉള്ള സാമാന്യ നാമം 'അള്ളാ'യ്ക്കു പകരമായി ഉപയോഗിക്കാനാവാത്തത്.

അറബികൾക്കു പ്രധാനപ്പെട്ട ചന്ദ്രദേവനായ ഹുബാൽ തന്നെയാണ് അള്ളാ എന്നു കരുതുന്നവരുമുണ്ട്. ചന്ദ്രദേവന്റെ ആരാധനയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും ഇന്നും ഇസ്ലാം മതത്തിൽ നിലനിൽക്കുന്നത് ഇക്കാരണത്താലാണ്. ചന്ദ്രക്കല (Crescent Moon) ഈ മതത്തിന്റെ പ്രതീകമാണ്.

പഴയനിയമത്തിൽ മോശയിലൂടെ വെളിപ്പെടുത്തപ്പെട്ട ഏകദൈവമായ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ, യാഹ്‌വെയിലാണ് യഹൂദരും ക്രൈസ്‌തവരും വിശ്വസിക്കുന്നത്. ബൈബിൾ ദൈവത്തെ വെളിപ്പെടുത്തുന്നത് സ്നേഹനിധിയായ പിതാവായാണ്. തന്റെ വചനത്തെ മനുഷ്യനായി ലോകത്തിൽ അവതരിക്കുവാൻ അയയ്ക്കുകയും അവൻ വഴി ലോകത്തെ രക്ഷിക്കുകയും തനിക്കുള്ളതെല്ലാം പുത്രനെ ഭരമേൽപ്പിക്കുകയും ചെയ്‌ത വാത്സല്യനിധിയായ പിതാവാണ് അവിടുന്ന്. മാത്രവുമല്ല, ഈശോയിൽ വിശ്വസിക്കുന്നവരെ ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തുന്ന കർത്താവിനെയാണ് ബൈബിളിൽ നമ്മൾ കാണുന്നത് (റോമാ 8, 14-17). എന്നാൽ, ഖുർആനിലെ അള്ളാ മനുഷ്യരെ ദാസരും അടിമകളുമായാണ് കരുതുന്നത്. മുഹമ്മദിന്റെ ഇഷ്ടാനിഷ്ടങ്ങൾ സാധിച്ചു കൊടുക്കുവാൻ ആയത്തുകൾ ഇറക്കിക്കൊടുക്കുന്ന ദേവൻ മാത്രമാണ് ഖുർആനിലെ അള്ളാ, ചുരുക്കത്തിൽ, വിശുദ്ധ ബൈബിളിലെ യാഹ്‌വെയും ഖുർആനിലെ അള്ളായും വ്യത്യസ്തരാണ്.

2. ബൈബിളിലെ അബ്രാഹവും ഖുർആനിലെ ഇബ്രാഹിമും ‍

സത്യദൈവമായ കർത്താവ് (യാഹ്‌വെ) അബ്രാഹത്തെ വിളിക്കുന്നതോടെയാണ് (ഉല്പത്തി 12) യഹൂദസമൂഹത്തിന്റെ ആരംഭം. യഹൂദമതത്തിൽനിന്ന് ഉടലെടുത്ത ക്രിസ്തുമതവും വിശ്വാസത്തിൽ തങ്ങളുടെ പിതാവായി ഏറ്റുപറയുന്നത് അബ്രാഹത്തെയാണ്. ചരിത്രപുരുഷനായ അബ്രാഹവുമായി യാതൊരു ബന്ധവുമില്ലാത്ത സാങ്കൽപിക കഥാപാത്രം മാത്രമാണ് ഇസ്ലാംമതത്തിലെ ഇബ്രാഹിം. വിശുദ്ധ ബൈബിളിലെ അബ്രാഹവും ഖുർആനിലെ ഇബ്രാഹിമും ഒരാൾ തന്നെയാണെന്നും ഇബ്രാഹിമിന്റെ പുത്രനായ ഇസ്മായേലിന്റെ സന്തതിപരമ്പരയിൽപെട്ടവരാണ് തങ്ങൾ എന്നുമാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. ഉത്പത്തി പുസ്തകത്തിലെ അബ്രാഹവും (12-25 അദ്ധ്യായങ്ങൾ) ഖുർആനിൽ വിവരിക്കപ്പെടുന്ന ഇബ്രാഹിമും (സുറ 2, 124-140, 258, 260; 3,25.65-68; 4,54.55. 124.125.127; 6.74.161; 11,69.72; 12,38; 14,35.39; 15,51; 16,120; 19.40-48; 21, 51-72; 26,69; 29,16; 37,83-113; 38,45; 43,26; 57,26) തമ്മിൽ യാതൊരു ബന്ധവുമില്ല.

ബൈബിൾ വിവരണമനുസരിച്ച് അബ്രാഹം തന്റെ പിതാവായ തേരാഹിനൊപ്പം ഊറിൽനിന്നു ഹാരാനിൽ എത്തി; അവിടെ നിന്ന് പുറപ്പെട്ടു കാനാനിൽ വാസമുറപ്പിച്ചു; ബലിപീഠം പണിതു ദൈവത്തെ ആരാധിച്ചു. ഏകജാതൻ ഇസഹാക്കിനെ മോറിയാമലയിൽ ബലിയർപ്പിക്കാൻ തയാറായി. ദൈവത്തിന്റെ നിർദ്ദേശപ്രകാരം മകനുപകരം മുള്ളുകൾക്കിടയിൽ ഉടക്കികിടന്നിരുന്ന മുട്ടാടിനെ ബലിയർപ്പിച്ചു. തുടർന്ന് ബർഷേബായിൽ താമസിക്കവെ 175-ആം വയസിൽ മരിച്ച്, ഹെബ്രോണിലെ മക്പലെ ഗുഹയിൽ അടക്കപ്പെട്ടു.

എന്നാൽ, ഖുർആനിലെ ഇബ്രാഹിം ആസറിന്റെ മകനാണ്. പിതാവുമായി തെറ്റിപ്പിരിഞ്ഞ്, മക്കയിൽ മകനുമൊന്നിച്ച് വിജാതീയക്ഷേത്രമായ ക്അബ പണിത ഇബ്രാഹിം മകനെ അള്ളായ്ക്കു ബലിയർപ്പിക്കാൻ കൊണ്ടുപോയി. പക്ഷേ, ബലിയർപ്പിക്കാൻ കൊണ്ടുപോയ ഈ മകന്റെ പേരിനെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ സൂചനയൊന്നുമില്ല. ഏക ദൈവവിശ്വാസി (ഹനിഫൻ) ആയിരുന്ന അബ്രാഹത്തിന്റെ പിന്‍ഗാമികളാണ് തങ്ങളെന്നു സ്ഥാപിക്കുകവഴി ഇസ്ലാമിനു മുമ്പുണ്ടായിരുന്ന ഏകദൈവവിശ്വാസികളെക്കൂടി മുസ്ലിം കുടക്കീഴിൽപെടുത്താനുള്ള തന്ത്രപരമായ നീക്കമാണ് ഇക്കൂട്ടർ നടത്തുന്നത്.

ബൈബിളിലെ അബ്രാഹം ‍

☛ അബ്രാഹത്തിന്റെ പിതാവ് തേരാഹ് (ഉല്പ 11,27)

☛ കല്ദായരുടെ നാടായ ഊറിൽ നിന്നുള്ളവൻ (ഉല്പ 11,28).

☛ ദൈവത്തിന്റെ വിളിയനുസരിച്ചാണ് അബ്രാഹം നാടുവിടുന്നത്.

☛ അബ്രാഹാമിന്റെ ഭാര്യയുടെ പേര് സാറായ്; സാറായ് വന്ധ്യയായിരുന്നു; ഊറിൽനിന്ന് കാനാൻ ദേശത്തേക്ക് പുറപ്പെട്ടു... അവർ ഇരുവരും ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു (ഉല്പ. 11,29-31).

☛ അബ്രാഹം ബലിപീഠം പണിത് യാഹ്‌വെയ്ക്ക് ബലിയർപ്പിച്ച്, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നു (ഉല്പ 12, 8; 13, 18).

☛ അബ്രാഹം തന്റെ ഏകജാതനായ ഇസഹാക്കിനെ ബലിയർപ്പിക്കുവാൻ മോറിയാ മലയിലേക്ക് പോയി (ഉൽപ 22,1).

☛ ദഹനബലിക്കുള്ള കുഞ്ഞാട് എവിടെ എന്ന് ഇസഹാക്ക് ചോദിക്കുന്നു; ദൈവം തരും എന്ന് പിതാവ് മറുപടി പറയുന്നു. ദൈവം പറഞ്ഞ സ്ഥലത്ത് ബലിപീഠം പണിത് വിറക് അടുക്കി ഇസഹാക്കിനെ ബന്ധിച്ച് വിറകിന്മേൽ കിടത്തി (ഉല്പ 22, 7-9 ) ഇസഹാക്കിനെ ബലിയർപ്പിക്കാൻ ദൈവം അനുവദിച്ചില്ല (ഉൽപ്പ 22,10-12).

☛ കൊമ്പുടക്കിക്കിടക്കുന്ന മുട്ടാടിനെ കണ്ടു, അബ്രാഹം മകന് പകരം അതിനെ ബലിയർപ്പിച്ചു. യാഹ്‌വെ യിരേ എന്ന് ആ സ്ഥലത്തിനു പേരിട്ടു (22,13-14).

ഖുർആനിലെ ഇബ്രാഹിം ‍

☛ ഇബ്രാഹിമിന്റെ പിതാവ് ആസർ (സുറ 6, 74).

☛ ഇബ്രാഹിം തന്റെ പിതാവുമായി വിഗ്രഹാരാധനയെച്ചൊല്ലി കലഹിച്ചാണ് ദേശം വിടുന്നത്. പിതാവ് മകനെ കല്ലെറിഞ്ഞ് ഓടിക്കുന്നു; അവർ വേർപിരിയുന്നു (സുറ 19, 41-48).

☛ ഖുർആനിൽ ഇബ്രാഹിമിന്റെ ഭാര്യയെക്കുറിച്ചു പരാമർശമില്ല.

☛ ഇബ്രാഹിം തന്റെ മകനെ ബലിയർപ്പിക്കാൻ കൊണ്ടുപോകുന്ന കാര്യം പറയുന്നു. എന്നാൽ മകന്റെ പേര് പറയുന്നില്ല; സഹനശീലനായ ഒരു ബാലൻ എന്ന് മാത്രമേ പറയുന്നുള്ളൂ. മകനോട് അവനെ ബലിയർപ്പിക്കുന്ന കാര്യം മുൻകൂട്ടിപ്പറഞ്ഞ് അഭിപ്രായം ആരായുന്നു (സുറ 37, 101-102). ബലിയർപ്പണം ശക്തമായ ഒരു പരീക്ഷണമായിരുന്നു.

☛ അവന് പകരം ബലിയർപ്പിക്കുവാൻ മഹത്തായ ഒരു മൃഗത്തെ നൽകി (സുറ 37,107). എന്തു മൃഗമാണെന്നു സൂചനയില്ല.

ചരിത്രപരമായ വൈരുദ്ധ്യങ്ങൾ ‍

1. അബ്രാഹം ഊറിൽ നിന്നു (ആധുനിക ഇറാക്ക്) ഹാരാനിലേക്കും (ആധുനിക തുർക്കി) അവിടെനിന്നു കാനാൻ ദേശത്തേക്കുമാണ് (പലസ്തീന) യാത്ര ചെയ്‌തത്‌. ഖുർആനിൽ ഇങ്ങനെയൊരു യാത്ര കാണുന്നില്ല.

2. അബ്രാഹം ബലിയർപ്പിക്കാൻ ഇസഹാക്കിനെ കൊണ്ടുപോയത് ജറുസലേമിലെ മോറിയാ മലയിലേക്കാണ്. എന്നാൽ, ഖുർആനിൽ ഇബ്രാഹിം മകനെ ബലിയർപ്പിക്കാൻ പോയത് മക്കയിലെ ക്അബയിലാണ് (സൗദി). ഇവ തമ്മിൽ ആയിരത്തിഅഞ്ഞൂറോളം കിലോമീറ്ററുകൾ ദൂരവ്യത്യാസമുണ്ട്.

3. മക്ക എന്ന പട്ടണം നിര്‍മ്മിക്കപ്പെട്ടത് എ‌ഡി മൂന്നാം നൂറ്റാണ്ടിലാണ്. അബ്രഹാം ജീവിച്ചിരിന്നത് മക്കയുടെ നിര്‍മ്മാണത്തിന് രണ്ടായിരത്തിമുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

4. അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇസഹാക്കിനെയാണെന്ന് ബൈബിള്‍ വ്യക്തമായി പറയുന്നു. (ഉത്പത്തി 22: 1-2). എന്നാല്‍ ഇബ്രാഹീം ബലിയര്‍പ്പിക്കാന്‍ ആരെയാണ് കൊണ്ടുപോയതെന്ന് ഖുര്‍ആന്‍ പറയുന്നില്ല. സഹനശീലനായ ഒരു ബാലന്‍ എന്നുമാത്രമേ പരാമര്‍ശമുള്ളൂ. (സൂറ 37,101). അത് ഇസ്മായേല്‍ ആണ് എന്നു പറയുന്നതു പില്‍ക്കാല മുസ്ലിം വ്യാഖ്യാനങ്ങള്‍ മാത്രമാണ്.

ചുരുക്കത്തില്‍ ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെയും ഖുര്‍ആനിലെയും വിവരണങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങള്‍ തമ്മില്‍ രണ്ടായിരത്തിമുന്നൂറു വര്‍ഷത്തെ വ്യത്യാസമുണ്ട്. ഭൂമിശാസ്ത്രപരമായി ബൈബിളിലെ അബ്രാഹവും ഖുര്‍ആനിലെ ഇബ്രാഹീമും വസിച്ച ദേശങ്ങളും അവര്‍ ജീവിച്ച കാലങ്ങളും വ്യത്യസ്തമാണ്. അതുക്കൊണ്ട് തന്നെ ബൈബിളിലെ അബ്രാഹവും ഖുര്‍ആന്‍ കഥയിലെ ഇബ്രാഹീമും പൂര്‍ണ്ണമായും വ്യത്യസ്ത വ്യക്തികളാണ്.

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤ ➤➤➤ (തുടരും...) ➤➤➤

ഈ ലേഖനപരമ്പരയുടെ ആദ്യ നാലുഭാഗങ്ങള്‍:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »