News - 2025

'മാർപാപ്പയുടെ ലംബോർഗിനി'യ്ക്കു ഏഴു കോടി രൂപ; തുക ഇറാഖി ക്രൈസ്തവര്‍ക്ക്

സ്വന്തം ലേഖകന്‍ 15-05-2018 - Tuesday

വത്തിക്കാൻ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ച കാറിന് ലേലത്തിൽ ലഭിച്ചതു ഏഴ് കോടിയോളം രൂപ. മാർപാപ്പയുടെ കൈയ്യൊപ്പോടുകൂടിയ കാര്‍ മെയ് പന്ത്രണ്ടിന് മൊണാക്കോയിലാണ് ലേലത്തിന് വച്ചത്. പത്തു ലക്ഷത്തോളം യുഎസ് ഡോളറാണ് കാറിന് വില ലഭിച്ചത്. കഴിഞ്ഞ നവംബറിലാണ് വത്തിക്കാൻ പേപ്പൽ ഫ്ലാഗിന് സമാനമായ ഗോൾഡൻ വരകളോട് കൂടിയ ലംബോർഗിനി ഹൂറക്കാന്‍ മോഡല്‍ കാർ മാർപാപ്പയ്ക്ക് സമ്മാനിച്ചത്. കാറിൽ കൈയ്യൊപ്പ് പതിച്ച പാപ്പ ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കും ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുക സമാഹരിക്കുന്നതിനുമായി ലേലത്തിന് നൽകുകയായിരുന്നു.

ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിനിരയായ ഇറാഖിലെ നിനവേയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലേലത്തിൽ ലഭിച്ച തുകയുടെ എഴുപത് ശതമാനം നീക്കിവക്കും. മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിലും സമീപ പ്രദേശങ്ങളിലും കുട്ടികളുടെ ഉന്നമനത്തിനായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇറ്റാലിയൻ സംഘടനയ്ക്ക് ലേല തുകയുടെ പത്ത് ശതമാനമാണ് നൽകുക. മൊബൈൽ ഓപ്പറേഷൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വിസ്സ് സന്നദ്ധ സംഘടനയ്ക്കും ഏറ്റവും നിരാലംബരായവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പോപ്പ് ജോൺ ഇരുപ്പത്തിമൂന്നാമൻ കമ്മ്യൂണിറ്റി അസ്സോസിയേഷനും തുകയുടെ പത്ത് ശതമാനം വീതം നല്‍കും. 2014ല്‍ മാര്‍പാപ്പയ്ക്കു സമ്മാനമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനായി ലേലത്തില്‍ വില്‍ക്കുകയായിരുന്നു.


Related Articles »