News - 2025
പ്രോലൈഫ് ആശയങ്ങളെ തള്ളികളയുന്നു; ഫേസ്ബുക്കിന്റെ നിഷ്പക്ഷത സംശയത്തില്‍
സ്വന്തം ലേഖകന്‍ 29-06-2018 - Friday
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് ഏറ്റവും അധികം പേര്‍ ഉപയോഗിയ്ക്കുന്ന നവമാധ്യമമായ ഫേസ്ബുക്കിന്റെ നയങ്ങള്‍ സംശയത്തിന്റെ നിഴലിലാകുന്നു. നിഷ്പക്ഷതയാണ് തങ്ങളുടെ മുഖമുദ്രയെന്ന് അവകാശപ്പെടുമ്പോഴും ജീവന്റെ മഹത്വം ചൂണ്ടിക്കാണിക്കുന്ന പ്രോലൈഫ് ആശയങ്ങളെയും ക്രൈസ്തവ ആശയങ്ങള്‍ ഉള്ള പേജുകളുടെയും പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് മനപൂര്‍വ്വം കത്രിക വയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രസിദ്ധ പ്രോലൈഫ് വാര്‍ത്ത മാധ്യമമായ 'ലൈഫ് സൈറ്റ് ന്യൂസ്'ന്റെ പ്രോലൈഫ് പ്രചാരണ പോസ്റ്റുകള്‍ക്കും, ക്രിസ്ത്യന്‍ പോസ്റ്റുകള്‍ക്കും നിയന്ത്രണം മൂലം കാലതാമസം നേരിടുകയോ, അനുമതി ലഭിക്കാതിരിക്കുകയോ ആണ്.
പരസ്യ പോസ്റ്റുകളുടെ ഉള്ളടക്കം സുതാര്യമാക്കുമെന്ന ഫേസ്ബുക്കിന്റെ പുതിയ നിയമമാണ് പ്രോലൈഫ്, ക്രൈസ്തവ ആശയങ്ങളുടെ പ്രചരണത്തിന് തടസ്സമാകുന്നത്. യാതൊരു രാഷ്ട്രീയവുമില്ലാത്ത ഗര്‍ഭഛിദ്രത്തിനെതിരായ ലൈഫ് സൈറ്റ് ന്യൂസിന്റെ പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരിന്നു. അള്‍ട്രാസൗണ്ട്, ഗര്‍ഭവതികളായ അമ്മമാര്‍, ഭ്രൂണങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗര്‍ഭഛിദ്ര അനുകൂലികളുടെ പക്ഷപാതപരമായ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് അനുമതി നല്‍കുന്നുമുണ്ട്. ഇതോടെ ഫേസ്ബുക്കിന്റെ ‘നിഷ്പക്ഷത’ നിലപാട് സംശയത്തിന്റെ മുനയിലായിരിക്കുകയാണ്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തടയുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഗര്‍ഭഛിദ്രം, പൗരാവകാശം, ആരോഗ്യം, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങളേയാണ് ഫേസ്ബുക്ക് ‘രാഷ്ട്രീയം’ എന്ന് വിശേഷിപ്പിക്കുന്നതെന്ന വൈരുദ്ധ്യം ക്രൈസ്തവ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. രാഷ്ട്രീയമല്ലാത്ത വിഷയങ്ങളെ രാഷ്ട്രീയമെന്ന് മുദ്രകുത്തിയാണ് ഫേസ്ബുക്ക് പ്രോലൈഫ്, ക്രിസ്ത്യന്‍ പോസ്റ്റുകളെ തഴയുന്നത്. ലൈഫ് സൈറ്റ് ന്യൂസ് അടക്കമുള്ള പ്രോലൈഫ് പ്രചാരകരായ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത് ഇതിനുമുന്‍പും വലിയ വിമര്‍ശനത്തിനു കാരണമായിരിന്നു.