News - 2025
അന്ധനെങ്കിലും ബൈബിളിലെ 87 അധ്യായങ്ങള്‍ ഫാദിലിന് ഹൃദിസ്ഥം
സ്വന്തം ലേഖകന്‍ 02-07-2018 - Monday
അമ്മാൻ: വചനം ഹൃദയത്തിൽ പതിഞ്ഞാൽ അതിനെ ഇല്ലാതാക്കുവാൻ ആർക്ക് കഴിയും? ഇതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് ഫാദില്‍. കണ്ണുകൾക്ക് വെളിച്ചമില്ലെങ്കിലും ബൈബിളിലെ 87 അധ്യായങ്ങൾ ഈ അന്ധനായ ഇറാഖി അഭയാർത്ഥിക്കു മനപാഠമാണ്. ജോർദ്ദാനിലെ അമ്മാനിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ഭവനത്തിലാണ് ഫാദിലിന്റെ താമസം. ഇന്ന് ആ ചെറിയ വീട് ദൈവവചനങ്ങളാല്‍ മുഖരിതമാണ്. വചനപ്രഘോഷണ സംഘമായ ‘ലീഡിംഗ് ദി വേ’ യുടെ ഫോളോ അപ് ടീമിലെ ഒരു അംഗം സോളാര്‍ ശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന നല്‍കിയ ഓഡിയോ ബൈബിളാണ് ഇറാഖി അഭയാര്‍ത്ഥിയായ ഫാദിലിന്റെ ആത്മീയ ജീവിതത്തെ മാറ്റിമറിച്ചത്.
ഓഡിയോ ബൈബിള്‍ ലഭിച്ചതു മുതല്‍ ദിവസവും ഫാദില്‍ തന്റെ ഓഡിയോ ഉപകരണത്തിലൂടെ സുവിശേഷം കേള്‍ക്കുക പതിവാക്കി. ക്രമേണ ഓരോ അധ്യായവും അദ്ദേഹം മനപാഠമാക്കുകയായിരുന്നു. ബൈബിളിലെ 87 അദ്ധ്യായങ്ങള്‍ മനപാഠമാക്കിയ ഫാദില്‍ ഇന്ന് സകലരേയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മനപാഠമാക്കിയ ദൈവവചനങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഫാദില്‍ ഉരുവിടുന്നത് കേള്‍ക്കുവാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.
ഫാദിലിന് ഓഡിയോ ബൈബിളോട് കൂടിയ നാവിഗേറ്റര്‍ നല്‍കിയപ്പോള്‍ അദ്ദേഹം കാണിച്ച സന്തോഷം വാക്കുകള്‍ക്ക് അതീതമായിരിന്നുവെന്ന് ‘ലീഡിംഗ് ദി വേ’പാര്‍ട്ണറായ ഡേവിഡ് ബോട്ടംസ് പറഞ്ഞു. കേവലം ഒന്നോ രണ്ടോ വാക്യങ്ങള്‍ മനപാഠമാക്കുവാന്‍ നാം ഇടക്ക് പരിശ്രമം നടത്തുമ്പോള്‍ കാഴ്ച ശക്തി കൂടാതെ ഫാദില്‍ ഇപ്പോഴും വചനം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു. ദൈവ വചനത്തെ മനപാഠമാക്കുവാന്‍ വിമുഖത കാണിക്കുന്ന അനേകര്‍ക്ക് മുന്നില്‍ തന്റെ അകകണ്ണിലൂടെ സാക്ഷ്യം നല്‍കുകയാണ് ഈ മധ്യവയസ്കന്‍.