News

മാധ്യമ കണ്ണുകൾ കാണാതെ പോകുന്നത്; നിരാലംബരായ 8 കുടുംബങ്ങൾക്ക് പുത്തൻ ഭവനവും അവശ്യ വസ്തുക്കളും സമ്മാനിച്ചു സമർപ്പിതർ

ദര്‍ശകന്‍ 08-10-2018 - Monday

വി. ഫ്രാൻസിസ് അസീസി ദൈവത്തിന്റെ നിസ്വനെങ്കിൽ ഇവർ ദൈവത്തിന്റെ നിസ്വരാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 ന് നിരാലംബരായ 8 കുടുംബങ്ങൾക്ക് മനോഹരമായ വീടുകൾ നിർമിച്ച് നൽകി മാത്യകയാവുകയാണ്, ഫ്രാൻസിസ്ക്കൻ സിസ്റ്റർസ് ഓഫ് ഓൾ സെയ്ന്റ്സ് എന്ന കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾ. 8 വീടുകൾ ഉൾപ്പെട്ട സ്ഥലം അറിയപ്പെടുന്നത് ഫ്രാൻസിസ് നഗർ എന്നാണ്.

കാഞ്ഞിരപ്പള്ളി രൂപതയിലെ പനച്ചിപ്പളളി എന്ന സ്ഥലത്താണ് മഠവും എട്ട് വീടുകൾ ഉൾപ്പെടുന്ന ഫ്രാൻസിസ് നഗറും സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ സഭാ സ്ഥാപകനിൽ നിന്ന് ലഭിച്ച ചൈതന്യം തീക്ഷ്ണതയോടെ ഉൾക്കൊണ്ട് പാവപ്പെട്ടവരുടെയും നിരാലംബരുടെയും കണ്ണിരൊപ്പുന്നതിനായി ലോകം മുഴുവൻ ഓടി നടക്കുകയാണ് ഈ സന്യാസ സമൂഹത്തിലെ അംഗങ്ങൾ.

തങ്ങളുടെ പരിസരങ്ങളിലെ പാവപ്പെട്ടവരും പഥികരുമായ ആൾക്കാരെ പ്രത്യേകമാംവിധം സ്നേഹിക്കുന്നതിലും, കാരുണ്യം കാണിക്കുന്നതിലും അതീവ തത്പര്യരായ ഒരു പറ്റം കന്യാസ്ത്രീകൾ, തങ്ങളുടെ 10 വർഷത്തെ അധ്വാന ഫലമായി ആണ് ഈ വീടുകൾ നിർമിച്ചത്. ഇല്ലായ്മയിൽ നിന്നാണ് ഈ ഭവനങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്. വളരെ കഷ്ടപ്പെട്ട് ഭിക്ഷ യാചിച്ചു മിച്ചം പിടിച്ചും മറ്റുമാണ് ഇവർ ഇതിനുള്ള പണം സ്വരൂപിച്ചത്. മദർ അമ്മ എന്ന് ഏവരും വിളിക്കുന്ന സി. എലിസബത്തിന്റെ ദീർഘവീക്ഷണമാണ് ഈ ഉദ്യമത്തിന് സാധ്യത നൽകിയത്.

പാവപ്പെട്ട കുടുംബങ്ങൾക്കായി നിർമിച്ചിരിക്കുന്ന വീടുകൾ അതി മനോഹരമാണ്. കേവലം കേറിക്കിടക്കാൻ ഒരിടം നിർമിക്കുക എന്നതിലുപരി, വളരെ സൗകര്യപ്രദമായി താമസിക്കാൻ സാധിക്കുന്ന ഭവനങ്ങൾക്ക് രൂപം നൽകുക എന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നതെന്ന് ഈ വീടുകൾ കാണുമ്പോൾ മനസിലാകും. നല്ല വീടുകൾ പണിതു നൽകിയതോടൊപ്പം എട്ട് ഭവനങ്ങിലേയ്ക്ക് ആവശ്യമായ വസ്തുക്കളും ഈ നല്ല അമ്മമാർ സംഭാവന ചെയ്തു. ദൈവത്തിന് കൊടുമ്പോൾ അത് ഏറ്റവും നിലവാരമുള്ളത് തന്നെയാകണം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇങ്ങനെ ചെയ്തത്. അതായത് പാവങ്ങളിൽ അവർ കണ്ടത് നസ്രായനായ ഈശോയെ തന്നെയാണ്.

ഇത്തരം പ്രവൃത്തികൾ ചില കാര്യങ്ങൾ ഈ പൊതു സമൂഹത്തെ ഓർമിപ്പിക്കുന്നു. ഒന്നാമതായി ആരൊക്കെ എത്രമാത്രം ചെളി വാരിയെറിഞാലും, പരിഹസിച്ചാലും കന്യാസ്ത്രീകൾ തങ്ങളുടെ ലക്ഷ്യം മറന്ന് ഈ ലോക ശക്തികളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് തുള്ളില്ല എന്ന് ഇവർ നമ്മെ ഓർപ്പെടുത്തുന്നു. അതു പോലെ തന്നെ ലോകാവസാനം വരെ ക്രിസ്തുവും അവന്റെ ആശയങ്ങളും മാത്രമേ തങ്ങളേ ഭരിക്കുകയുള്ളു എന്നും നമ്മെ ഇവർ ഓർമപ്പെടുത്തുന്നു. തെറി പറഞ്ഞും കളിയാക്കിയും കഴിയുമ്പോൾ എല്ലാവർക്കും സഭയിലേയ്ക്ക് വരാം. നിങ്ങൾ തിരുസഭയുടെ മുകളിൽ എത്ര മാത്രം കാർക്കിച്ച് തുപ്പിയാലും..........! നിങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ കത്തോലിക്കാ സഭ ഇവിടെ തന്നെയുണ്ടാകും. അത് തന്നെയായിരിക്കും സഭാ വിരുദ്ധരുടെ പരാജയവും കത്തോലിക്ക സഭയുടെ വിജയവും.


Related Articles »