India - 2025
കുഞ്ഞച്ചന്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതു യേശുവിന്റെ സ്‌നേഹ വിപ്ലവം: മാര്‍ ടോണി നീലങ്കാവില്‍
സ്വന്തം ലേഖകന്‍ 13-10-2018 - Saturday
രാമപുരം: കുഞ്ഞച്ചന്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതു യേശുവിന്റെ സ്‌നേഹവിപ്ലവമാണെന്നു തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. രാമപുരം ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറ്റിനു ശേഷം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും പരിത്യജിക്കപ്പെട്ടവരോടും കൂടെയായിരുന്നുകൊണ്ട് കുഞ്ഞച്ചന്‍ അവരിലേക്കു ദൈവസ്‌നേഹത്തെ ഒരു പ്രവാഹം പോലെ ഒഴുക്കിവിടുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ ഒന്‍പതിനു ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് കരിസ്മാറ്റിക് പ്രേഷിത സംഗമം നടന്നു. ഇന്നു രാവിലെ ഒന്‍പതിന് എംഎസ്റ്റി സന്യാസസഭാ ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമാന്നൂര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് ഇടവകയിലെ സമര്‍പ്പിതരുടെ കുഞ്ഞച്ചന്‍ തീര്‍ഥാടനം, ഉച്ചകഴിഞ്ഞ് 1.30 ന് വൈദിക യുവജന സംഗമം. നാലിന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. അടുത്ത ചൊവ്വാഴ്ചയാണ് പ്രധാന തിരുനാള്‍.