Events - 2024

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലേക്ക്

സ്വന്തം ലേഖകന്‍ 12-11-2018 - Monday

പ്രസ്റ്റൺ: സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദർശനത്തിനായി നവംബർ അവസാനത്തോടെ യുകെയിൽ എത്തും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിനും മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ആദ്യമായാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനായി കർദ്ദിനാൾ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെത്തുന്നത്. നവംബര് 23 മുതൽ ഡിസംബർ 9 വരെയാണ് കർദ്ദിനാളിന്റെ ഔദ്യോഗിക സന്ദർശനം നടക്കുക.

ഡിസംബർ ഒന്നാം തിയതി ബര്മിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന, കുട്ടികളുടെ വർഷത്തിന്റെ സമാപന ചടങ്ങുകളുടെയും യുവജന വര്‍ഷത്തിന്റെ ആരംഭത്തിന്റെയും ഉദ്‌ഘാടനം സഭാതലവൻ നിർവഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വളർച്ചയുടെ പുതിയ പടിയായ മിഷൻ സെന്ററുകളുടെ ഔദ്യോഗിക പ്രഖ്യാപനവും മാർ ആലഞ്ചേരി നിർവഹിക്കും. ഇപ്പോൾ വി. കുർബാന സെന്ററുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേർത്തു ഭാവിയിൽ ഇടവകകളായി മാറാനുള്ള ആദ്യപടിയാണ് മിഷൻ സെന്ററുകൾ.

ഇപ്പോൾ 173 വി. കുർബാന കേന്ദ്രങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവ, പുതിയ പുനഃ ക്രമീകരണത്തിൽ 75 മിഷൻ സെന്ററുകളായി മാറും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനായി പങ്കെടുക്കുന്ന 20 ഓളം ചടങ്ങുകളുടെ സമയക്രമം ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സന്ദര്‍ശനത്തിലും ആ സ്ഥലത്തോട് ചേർന്നുള്ള മിഷൻ സെന്ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. സാധിക്കുന്ന എല്ലാ വിശ്വാസികളും മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകുന്ന ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് അഭ്യർത്ഥിച്ചു.


Related Articles »